ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ലുലുമാളിൽ ഗ്രാൻഡ് കേക്ക് മിക്സിങ് ചടങ്ങ് സംഘടിപ്പിച്ചു. 2,700 കിലോഗ്രാം വരുന്ന 25-ഓളം ചേരുവകൾ ഉപയോഗിച്ച് പൂർണ്ണമായും ആൽക്കഹോൾ രഹിതമായാണ് കേക്ക് മിശ്രിതം തയ്യാറാക്കിയത്.

കോട്ടയം: ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ മധുരം നിറച്ച് കോട്ടയം ലുലുമാളിൽ ഗ്രാൻഡ് കേക്ക് മിക്സിങ് ചടങ്ങ് സംഘടിപ്പിച്ചു. വിവിധ രുചികളും സുഗന്ധങ്ങളും ഒത്തുചേർന്ന ആഘോഷവേദിയിൽ 2,700 കിലോഗ്രാം ചേരുവകൾ ഉപയോഗിച്ചാണ് ഈ വർഷത്തെ പ്ലം കേക്കുകൾക്കായുള്ള പ്രത്യേക മിശ്രിതം തയ്യാറാക്കിയത്. പ്രീമിയം ഡ്രൈ ഫ്രൂട്ട്സ്, റിച്ച് ഫ്രൂട്ട്സ്, നട്ട്സ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടെ 25-ഓളം ചേരുവകളാണ് മിക്സിങ്ങിൽ ഉപയോഗിച്ചത്. അത്തിപ്പഴം, ഉണക്കമുന്തിരി, കശുവണ്ടി, ഈന്തപ്പഴം, കാൻഡിഡ് ചെറി, ടൂട്ടി ഫ്രൂട്ടി, ഓറഞ്ച് പീൽ, ജിഞ്ചർ പീൽ തുടങ്ങിയ ചേരുവകൾ ഫ്രഷ് മുന്തിരിപ്പഴച്ചാറിൽ കുതിർത്ത ശേഷമാണ് കേക്കിനായുള്ള സമ്പന്നമായ മിശ്രിതം തയ്യാറാക്കിയത്.

പൂർണ്ണമായും ആൽക്കഹോൾ രഹിതമായി, തനിമ ചോരാതെ തയ്യാറാക്കിയ ഫെസ്റ്റീവ് മിക്സെന്ന പ്രത്യേകത കൂടിയുണ്ട്. ഈ ഗ്രാൻഡ് മിക്സിൽ നിന്ന് പതിനയ്യായിരം പ്ലം കേക്കുകളാണ് ഇത്തവണ തയ്യാറാക്കുന്നത്. റിച്ച് പ്ലം, പ്രീമിയം, ഷുഗർലെസ് തുടങ്ങി 19 വ്യത്യസ്ത രുചികളിലുള്ള പ്ലം കേക്കുകൾ ക്രിസ്മസ് സീസണിൽ കോട്ടയം ലുലു ഹൈപ്പർമാർക്കറ്റിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ചലച്ചിത്ര താരങ്ങളായ ഹേമന്ത് മേനോനും രമ്യാ പണിക്കറും ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. ലുലു റീജിയണൽ ഡയറക്ടർ രാജേഷ് ഇ.വി, റീജിയണൽ മാനേജർമാരായ ശ്രീലേഷ് ശശിധരൻ, ബിജു എല്‍ എസ്, കോട്ടയം ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ നിഖിൻ ജോസഫ്, മാൾ മാനേജർ പ്രിൻസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരും സന്ദർശകരും കേക്ക് മിക്സിങ്ങിൽ പങ്കാളികളായി.