രണ്ടു വയസുകാരിയെ കാണാനില്ലെന്ന മുത്തശ്ശിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി കൊല്ലപ്പെട്ടതായി കണ്ടെത്തി. കുട്ടിയുടെ അമ്മയും അവരുടെ മൂന്നാം ഭർത്താവും ചേർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം: രണ്ടു വയസുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിലായതിന് മുത്തശ്ശിയുടെ ഇടപെടൽ. പുനലൂർ കാര്യറ സ്വദേശിനി കലാസൂര്യ, ഭർത്താവ് തമിഴ്നാട് ഭഗവതിപുരം സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. ഡിസംബർ രണ്ടിനാണ് കലാസൂര്യയുടെ മകൾ രണ്ടു വയസുള്ള അനശ്വരയെ കാണാനില്ലെന്ന് കാട്ടി കലാസൂര്യയുടെ മാതാവ് സന്ധ്യ പുനലൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ക്രൂര കൃത്യത്തിന്റെ ചുരുൾ അഴിച്ചത്.
പുനലൂരിൽ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന കലാസൂര്യയെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് കൊലയുടെ ചുരുളഴിഞ്ഞത്. പരസ്പര വിരുദ്ധമായ മൊഴിയാണ് കലാസൂര്യയെ കുടുക്കിയത്. കുട്ടിയെ തമിഴ്നാട്ടിലുള്ള അനാഥാലയത്തിലാക്കിയെന്നുപറഞ്ഞ യുവതി പിന്നീട് ഭ ർതൃമാതാവ് കൂട്ടി കൊണ്ടുപോയതായ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിലാണ് മൂന്നാം ഭർത്താവ് കണ്ണൻ കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തിയത്. കലാസൂര്യയുടെ രണ്ടാം ഭർത്താവിന്റെ മകളാണ് അനശ്വര. കണ്ണനൊപ്പം തമിഴ്നാട്ടിലെ മധുര ചെക്കാനൂരിലുള്ള കോഴി ഫാമിൽ ജോലി ചെയ്തുവരവെ അവിടെ വെച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
തന്റെ കുട്ടിയല്ലാത്തതിനാൽ അനശ്വരയെ കണ്ണൻ മർദ്ദിക്കുന്നത് പതിവായിരുന്നെന്ന് കലാസൂര്യ പൊലീസിനോട് പറഞ്ഞു. കണ്ണന്റ മാതാവ് രാസാത്തിയും കുട്ടിയെ ഉപദ്രവിച്ചിരുന്നതായാണ് മൊഴി. മദ്യലഹരിയിൽ കണ്ണൻ മർദ്ദിക്കുന്നതിനിടെയാണ് കുട്ടി മരിച്ചത്. മൃതദേഹം കലാസൂര്യയും കണ്ണനും ചേർന്നാണ് മറവ് ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേരള പോലീസ് തമിഴ്നാട് ചെക്കാനുരണി പോലീസിനെ വിവരമറിയിച്ചതനുസരിച്ച് കണ്ണനെ പിടികൂടി. കലാസൂര്യയെയും തമിഴ്നാട് പൊലീസിന് കൈമാറി. ഇരുവരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തമിഴ്നാട്ടിൽ വച്ച് നടന്ന കൃത്യം ആയതിനാൽ പ്രതികളെ തമിഴ്നാട് പൊലീസിന് കൈമാറി.
