തിരൂരിൽ ബസ് അപകടത്തിൽ പത്തുവയസ്സുകാരനായ പേരക്കുട്ടി മരിച്ചതറിഞ്ഞതിന് പിന്നാലെ മുത്തച്ഛനും ഹൃദയാഘാതം മൂലം മരിച്ചു. പള്ളിയിൽ നിന്ന് സൈക്കിളിൽ മടങ്ങുകയായിരുന്ന മുഹമ്മദ് റിഹാൻ ആണ് ബസിടിച്ച് മരിച്ചത്.  

മലപ്പുറം: പ്രിയപ്പെട്ട പേരക്കുട്ടിയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്ത കേട്ടതിന് പിന്നാലെ മുത്തച്ഛനും ഈ ലോകത്തോടു വിടവാങ്ങി. തിരൂര്‍ മംഗലം എന്‍.ഒ.സി പടിയില്‍ ബസ് അപകടത്തില്‍ മരിച്ച അന്‍വറിന്റെ മകന്‍ മുഹമ്മദ് റിഹാന്റെ (10) മരണവാര്‍ത്തയറിഞ്ഞ ആഘാതത്തിലാണ് വല്യുപ്പ ഹനീഫ (84) ഹൃദയാഘാതം മൂലം മരിച്ചത്. പെരുന്തിരുത്തി പഴയ ജുമാ മസ്ജിദ് പ്രസിഡന്റായിരുന്നു ഹനീഫ. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്ന ഈ ഇരട്ട മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. എന്‍.ഒ.സി പടി പള്ളിക്ക് സമീപം വെച്ചായിരുന്നു മുഹമ്മദ് റിഹാന്‍ അപകടത്തില്‍പ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പള്ളിയില്‍ നിന്നു പഠനം കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ തിരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലത്തിയൂര്‍ മലബാര്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു റിഹാന്‍.

അപകടവാര്‍ത്തയറിഞ്ഞ് കുഴഞ്ഞുവീണ ഹനീഫയെ ഉടന്‍ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി പെരുന്തിരുത്തി മഹല്ല് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന ഹനീഫ നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. വല്യുപ്പയുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം പെരുന്തിരുത്തി പഴയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.