കൊച്ചി: നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വസ്‌തു മണിക്കൂറുകളോളം പൊലീസിനെയും ജനങ്ങളെയും ആശങ്കയിലാക്കി. കളമശേരി കെഎസ്ഇബി ഓഫീസിന് സമീപം കണ്ടെത്തിയ ഗ്രനേഡിനോട് സാമ്യം തോന്നുന്ന വസ്തുവാണ് ആശങ്ക പരത്തിയത്. പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ ഇത് എന്താണെന്ന് വ്യക്തമായില്ല. ഒടുവിൽ പൊട്ടിച്ച് നോക്കിയപ്പോഴാണ് ആശങ്ക പൊട്ടിച്ചിരിക്ക് വഴിമാറിയത്.

രാവിലെ ഈ വസ്തു കണ്ടെത്തിയ ഉടനെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. ബോംബാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു ഇവർ. ഇതോടെ ബോംബ് സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനെയും വിവരമറിയിച്ചു. ഇവരും സ്ഥലത്തെത്തി പരിശോധന നടത്തി. ആർക്കും പ്രത്യേകിച്ചൊന്നും മനസിലായില്ല. ഇതിനിടെ വാർത്ത കാട്ടുതീ പോലെ പരന്ന് നിരവധി പേർ തടിച്ചുകൂടി.

ഇതോടെ പൊലീസിന്റെ പണിയും ഇരട്ടിച്ചു. തടിച്ചുകൂടിയവരെ ദൂരേക്ക് മാറ്റിയ ശേഷം പരിശോധന തുടർന്നു. കാക്കനാട് നിന്ന് വിദഗ്ദ്ധരെ എത്തിച്ച് വിശദമായ പരിശോധന നടത്തി. എന്നിട്ടും എന്താണ് സാധനമെന്ന് മനസിലായില്ല. ബോംബല്ലെന്ന നിഗമനത്തിൽ സംഭവം പൊട്ടിച്ച് നോക്കാൻ പൊലീസ് തീരുമാനിച്ചു.  പൊട്ടിച്ച് കഴിഞ്ഞപ്പോഴാണ് അത്രയും നേരെ ആശങ്കയും ഭീതിയും പരത്തിയത് വെറുമൊരു ലൈറ്ററായിരുന്നുവെന്ന് മനസിലായത്. ഇതോടെ ആശങ്ക കൂട്ടച്ചിരിക്ക് വഴിമാറി.