കോട്ടയം സ്വദേശിയായ ജിന്‍സന്‍ ആന്‍റോ ചാള്‍സ് ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ ആദ്യമായി മന്ത്രിയായ ഏഷ്യന്‍ വംശജനാണ്

തൃശൂര്‍: മലയാളത്തിന്‍റെ 'ചന്ദന ലേപ സുഗന്ധം' ഇനി ഓസ്‌ട്രേലിയയിലും പരക്കും. ബന്ധുവിന്‍റെ വിവാഹം കൂടാന്‍ ഏഴു കടലും കടന്ന് മലയാള കരയിലേക്കെത്തിയ മന്ത്രിക്ക് ഉപഹാരമായി വരന്‍ കൊടുത്തത് ചന്ദനതൈ. ഓസ്‌ട്രേലിയയില്‍ മന്ത്രിയായ ജിന്‍സന്‍ ആന്‍റോ ചാള്‍സ് ആണ് ബന്ധുവിന്‍റെ വിവാഹം കൂടാനായി കേരളത്തിലെത്തിയത്. 

കോട്ടയം സ്വദേശിയായ ജിന്‍സന്‍ ആന്‍റോ ചാള്‍സ് ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ ആദ്യമായി മന്ത്രിയായ ഏഷ്യന്‍ വംശജന്‍ കൂടിയാണ്. സ്‌പോര്‍ട്‌സ്, സാംസ്‌കാരികം തുടങ്ങി ഏഴു വകുപ്പുകളാണ് ജിന്‍സണ്‍ കൈകാര്യം ചെയ്യുന്നത്. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദര പുത്രന്‍ കൂടിയാണ് മന്ത്രി ജിന്‍സണ്‍.

ഹൈക്കോടതി അഭിഭാഷകനായ വാടാനപ്പള്ളി സ്വദേശി അഡ്വ. പി എഫ് ജോയിയുടേയും ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക ഷീലയുടേയും മകന്‍ ആയുര്‍വേദ ഡോക്ടര്‍ എഡ്വിന്‍ ജോയിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് 'ഓസ്‌ട്രേലിയന്‍ മന്ത്രി' നാട്ടിലെത്തിയത്. വിവാഹം കൂടി വധൂവരന്മാരെ ആശീര്‍വദിക്കാന്‍ വേദിയില്‍ കയറിയപ്പോഴാണ് മന്ത്രിക്ക് സ്‌നേഹോപഹാരമായി ചന്ദനതൈ വിവാഹ വേദിയില്‍ വച്ച് സമ്മാനിച്ചത്. എഡ്വിന്റെ വധു കോട്ടയം സ്വദേശി പുന്നതനിയില്‍ ജോസ് ആന്റോ - ലൈസമ്മ ദമ്പതികളുടെ മകളും ആയുര്‍വേദ ഡോക്ടറുമായ ജൂഹി ട്രീസയുടെ പിതൃ സഹോദര പുത്രനാണ് മന്ത്രി ജിന്‍സന്‍ ആന്റോ.

അങ്ങ് ദൂരെ, ഓസ്ട്രേലിയയിൽ മന്ത്രിയായ തനി നാടൻ മലയാളി! പാലാക്കാരൻ ജിൻസൺ ആന്‍റോയ്ക്ക് കൊച്ചിയിൽ വൻ വരവേൽപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം