പ്രതികള്‍ക്കെതിരെ അതിക്രമിച്ച് കടന്ന് നാശനഷ്ടങ്ങള്‍ വരുത്തിയതിനും ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതും അടക്കമുള്ള  വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

മാനന്തവാടി: വയനാട് ജില്ലയിലെ പിലാക്കാവ് സെന്‍റ് ജോസഫ്‌സ് ദേവാലയത്തിന്‍റെ ഗ്രോട്ടോ തകര്‍ത്ത് രൂപം നശിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിൽ. ഒണ്ടയങ്ങാടി താഴുത്തുംകാവയല്‍ അമിത് ടോം രാജീവ്, രുമത്തെരുവ് തൈക്കാട്ടില്‍ റിവാള്‍ഡ് സ്റ്റീഫന്‍, പിലാക്കാവ് മുരിക്കുംകാടന്‍ മുഹമ്മദ് ഇന്‍ഷാം എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ അതിക്രമിച്ച് കടന്ന് നാശനഷ്ടങ്ങള്‍ വരുത്തിയതിനും ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതും അടക്കമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

മദ്യലഹരിയില്‍ പരസ്പരമുണ്ടായ ബഹളത്തിനും കയ്യാങ്കളിക്കുമിടയില്‍ ഗ്രോട്ടോ തകര്‍ത്തതാണെന്നാണ് പൊലീസിന് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. മദ്യശാലയിൽ ഒരുമിച്ചിരിക്കുന്നതും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന്റേയും മറ്റും സിസിടിവി ദൃശ്യമടക്കമുള്ള തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നു. ഇതിന പിന്നാലെയാണ് പ്രതികൾ കുടുങ്ങിയത്. ഇത് രണ്ടാം തവണയാണ് ഈ ഗ്രോട്ടോ ആക്രമിക്കപ്പെടുന്നത്. അന്നും സമീപവാസിയായ യുവാവിനെ പിടികൂടിയിരുന്നു.

അതേസമയം, വയനാട് തന്നെ പനമരം കൊയിലേരി റോഡില്‍ ചെറുകാട്ടൂരിന് സമീപം വീട്ടിച്ചോടില്‍ നിയന്ത്രണം തെറ്റിയ കാറിടിച്ച് ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നത് ആശങ്കയായി. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. കൊടുവള്ളി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ട്രാന്‍സ്ഫോര്‍മറിന്റെ ഉറപ്പിച്ച സ്ട്രക്ചറടക്കം താഴെവീണു. ആറ് വൈദ്യുത പോസ്റ്റുകളും ചെരിഞ്ഞു. നാല് സ്റ്റേകള്‍ തകരുകയും ചെയ്തു. ഇതോടെ വീട്ടിച്ചോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

തിങ്കളാഴ്ച രാവിലെ ഇതേ കാര്‍ പനമരം ആര്യന്നൂരില്‍ പിക്ക് അപ്പ് വാനിന്റെ പിറകിലിടിച്ച് അപകടമുണ്ടായിരുന്നു. ഈ അപകടത്തില്‍ മദ്യപിച്ച് വാഹനമോടിച്ച കാര്‍ ഡ്രൈവര്‍ കൊടുവള്ളി സ്വദേശി പുളിക്കപൊയില്‍ മുജീബ് റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വൈകുന്നേരം കാറുടമയെ വിളിച്ചു വരുത്തിയ ശേഷമാണ് വിട്ടയച്ചത്. ഇതേ കാറാണ് രാത്രിയില്‍ വീണ്ടും അപകടമുണ്ടാക്കിയത്. സംഭവത്തില്‍ കാറോടിച്ചയാള്‍ മദ്യപിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.

ഉപയോഗിച്ച യൂണിറ്റ് ഇത്ര വരും! ‘കുഞ്ഞൻ പാണ്ടിക്കാടിന്‍റെ' വൈറൽ വീഡിയോയ്ക്ക് കണക്കുനിരത്തി മറുപടി നൽകി കെഎസ്ഇബി