തിരുവനന്തപുരം: വനിക ആദിവാസി ജൈവ വിപണിക്ക് ലഭിച്ച വൻപിച്ച സ്വീകാര്യതയിൽ നിന്നും ആവേശമുൾക്കൊണ്ട് ആദിവാസി യുവാക്കളുടെ കൂട്ടയ്മകൾ സാമൂഹ്യ ജൈവ കൃഷിയിലേക്ക് മടങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം വന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിർവഹിച്ചു. ഒപ്പം പദ്ധതിക്കാവശ്യമായ വിത്ത് വിതരണം ധനസഹായവും  മന്ത്രി കൈമാറി. 

ആഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റെയിഞ്ചിലെ കോട്ടൂർ സെക്ഷൻ കീഴിലെ കൈതോട്, മങ്കോട് സെറ്റിൽന്റുകൾ കേന്ദ്രീകരിച്ച് സഫല, സുജല, ശീതള, എന്നീ പേരുകളിൽ സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചാണ് കൂട്ടുകൃഷി നടത്തുന്നത്. സംരംഭത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതിനൊപ്പം പിന്നിൽ പ്രവർത്തിച്ച കോട്ടൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ സി സിനുകുമാറിനെയും മറ്റ് സെക്ഷൻ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. വന്യമൃഗ ശല്യം തടയുന്നതിനായി വേലി നിർമിച്ച് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒരു കാലത്ത് നാടുഭരിച്ചിരുന്ന രാജാക്കന്മാർക്കുവരെ ജൈവവിളകൾ കൊട്ടാരങ്ങളിൽ എത്തിച്ചിരുന്ന ജൈവ കൃഷിയിൽ നിന്നും പിൻ വാങ്ങിയ കോട്ടൂരിലെ ഊരുകളാണ് സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ മാങ്കോട് എക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി സെക്രട്ടറി ഗോപിക സുരേന്ദ്രന്റെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രശാന്ത് പി പിയുടെയും ട്രൈബൽ വാച്ചർമാരായ ഷീബയുടെയും രാമചന്ദ്രന്റെയും സഹായത്തോടെ ഇന്ന് വീണ്ടും കൈക്കോട്ട് എടുക്കുന്നത്.

ശബരിനാഥൻ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി മണികണ്ഠൻ, തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രദീപ് കുമാർ, തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ജെ ആർ അനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി, വാർഡ് മെമ്പർ രമേശൻ, എ.ബി.പി.ഡെപ്യൂട്ടി വാർഡൻ എൻ വി സതീശൻ എന്നിവർ പങ്കെടുത്തു.