Asianet News MalayalamAsianet News Malayalam

ഓവര്‍ടേക്ക് ചെയ്തപ്പോള്‍ മിററിൽ തട്ടി; കാറിലെത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ്‍ലൈറ്റ് അടിച്ചുതകർത്തു

ഓവർടേക്ക് ചെയ്തപ്പോള്‍ കാറിന്റെ സൈഡ് മിററില്‍ തട്ടിയതിന് പിന്നാലെയാണ് കാറിലെത്തിയ സ്ത്രീകള്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെ‍ഡ്‍ലൈറ്റ് തകര്‍ത്തത്.

group of women travelled by a car smashed the headlight of KSRTC bus after their side mirror broken afe
Author
First Published Nov 21, 2023, 2:23 PM IST

കോട്ടയം: കാറിൽ എത്തിയ സ്ത്രീകൾ  കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തെന്ന് പരാതി.  കോട്ടയം കോടിമത നാലുവരി പാതയിലാണ് സംഭവം.  ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയിരുന്നു.  ഇതിന് പിന്നാലെയാണ് കാറിലെത്തിയ സ്ത്രീകള്‍ കാറിൽ നിന്നും ലിവർ എടുത്ത് ബസിന്റെ ഹെഡ്‍ലൈറ്റ് തകർത്തത്

തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസിനു നേരെയാണ് ആക്രമണം നടന്നത്. മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ് കോട്ടയത്ത് വെച്ച് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ റിയര്‍വ്യൂ മിററില്‍ തട്ടി. കാര്‍ പെട്ടെന്ന് മറുവശത്തേക്ക് തിരിച്ചപ്പോഴാണ് മിററില്‍ തട്ടിയതെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ബസ് വശത്തേക്ക് ഒതുക്കി നിര്‍ത്തിയപ്പോഴാണ് കാറില്‍ നിന്ന് രണ്ട് സ്ത്രീകള്‍ ഇറങ്ങി വന്നത്. 

ആദ്യം ഡ്രൈവറെ അസഭ്യം പറഞ്ഞു. യാത്രക്കാര്‍ ഇടപെട്ടപ്പോള്‍  ആദ്യം പോകാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കാറില്‍ പോയി ജാക്കി ലിവര്‍ എടുത്തുകൊണ്ട് വന്ന് ലൈറ്റ് അടിച്ച് തകര്‍ക്കുകയുമായിരുന്നുവെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. മുന്‍വശത്തെ രണ്ട് ലൈറ്റുകള്‍ തകര്‍ത്തിട്ടുണ്ട്.  ആലപ്പുഴ രജിസ്ട്രേഷനുള്ള കാറിലാണ് സ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. അക്രമം നടത്തിയ ശേഷം സ്ത്രീകൾ കാറിൽ കയറി രക്ഷപ്പെട്ടുവെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പറഞ്ഞു.

ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊന്‍കുന്നം സ്വദേശികളായ സ്ത്രീകളാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യുബില്‍ കാണാം...

Follow Us:
Download App:
  • android
  • ios