പത്തനംതിട്ട:പത്തനംതിട്ടയിലും ഡിവൈഎഫ്ഐയില്‍ നിന്ന് യുവതികളുടെ കൂട്ടരാജി. മൂന്ന് വനിതകൾ ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിന്ന് രാജിവച്ചത്.  സംഘടനയിൽ നേരിടുന്ന അവഗണനയും മാനസിക പീഡനവും ചൂണ്ടിക്കാട്ടിയാണ് യുവതികൾ രാജിക്കത്ത് നൽകിയത്. രാത്രി വൈകിയും ദൂര സ്ഥലങ്ങളിൽ പ്രവർത്തനത്തിന് നിയോഗിക്കുമ്പോൾ പോകാതിരുന്നാൽ കമ്മിറ്റിയിൽ അവഹേളിക്കുന്നുവെന്ന് കാട്ടിയാണ്  മൂന്നുപേരും സംഘടന വിട്ടത്. 

ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം ജില്ലാ കമ്മറ്റിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് രാജിയെന്ന് യുവതികൾ  ആരോപിച്ചു. കോഴഞ്ചേരി, പെരുനാട്, പത്തനംതിട്ട സ്വദേശികളായ യുവതികളാണ് രാജി വച്ചത്.

നേരത്തെ പി കെ ശശി എംഎൽഎക്കെതിരെ പരാതിനൽകിയ വനിത നേതാവ് സംഘടനയ്ക്ക് രാജിക്കത്ത് നൽകിയിരുന്നു. ആരോപണ വിധേയനെ പാർട്ടി സംരക്ഷിക്കുന്നതിലും, തനിക്കൊപ്പം നിലപാടെടുത്തവരെ തരംതാഴ്ത്തിയതിലും പ്രതിഷേധിച്ചായിരുന്നു രാജി. എന്നാല്‍ രാജി തത്ക്കാലം സ്വീകരിക്കേണ്ടന്ന നിലപാടിൽ ജില്ലാ നേതൃത്വമുള്ളത്.