''ഞങ്ങളുടെ സമുദായത്തിലെ പ്രമാണിമാരിൽ ചിലർ ഞങ്ങളോട് ഒരു പുതിയ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ഞങ്ങൾ താമസിക്കുന്ന ഗുജറാത്തിഗല്ലിയിൽ നിന്ന് എത്രയും പെട്ടന്ന് കുടിയിറങ്ങണം...''
ആലപ്പുഴ : 84 വർഷക്കാലമായി ഇവിടെ താമസിക്കുന്ന തങ്ങൾ എവിടെ പോകാനാണ്? രണ്ട് നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ആലപ്പുഴ ഗുജറാത്തി റോഡിലെ ജയിൻ ബിൽഡിംഗിൽ താമസിക്കുന്ന നാലോളം കുടുംബംഗങ്ങളിലെ പതിനഞ്ച് പേരിൽ ഒരാളായ രമേശ്കുമാർ ചോദിക്കുന്നു.
''ഞങ്ങളുടെ സമുദായത്തിലെ പ്രമാണിമാരിൽ ചിലർ ഞങ്ങളോട് ഒരു പുതിയ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ഞങ്ങൾ താമസിക്കുന്ന ഗുജറാത്തിഗല്ലിയിൽ നിന്ന് എത്രയും പെട്ടന്ന് കുടിയിറങ്ങണം. വർഷം നൂറിനടുത്തായി തലമുറകളായി എന്റെ കുടുംബം ഇവിടെയാണ് താമസിക്കുന്നത്. എന്നെ പ്രസവിച്ചത് ആശുപത്രിയിലല്ല. ഈ ഗല്ലിയിലെ ഒരു ഒറ്റമുറിയിലാണ്'' - രമേശ് കുമാർ പറഞ്ഞു.
രമേശിന്റെ അച്ഛൻ കാന്തിലാലും, അപ്പൂപ്പൻ മേഗജിയും ഇവിടെ തന്നെയാണ് ജനിച്ചതും വളർന്നതുമൊക്കെ. പക്ഷെ ഇപ്പോൾ ഗുജറാത്തി സമുദായ സംഘടനയിലെ ചിലർ തങ്ങളോട് കുടിയിറങ്ങാൻ ആവശ്യപ്പെടുന്നുവെന്ന് രമേശ് കുമാർ കൂട്ടിച്ചേർത്തു.
ഇറങ്ങാൻ തയ്യാറാണെന്നും എന്നാൽ കുടിയിറക്കപ്പെട്ടാൽ എങ്ങോട്ട് പോകുമെന്ന് അറിയില്ലെന്നും ഈ നാല് കുടുംബങ്ങളിൽ താമസിക്കുന്നവർ പറയുന്നു. എവിടെ താമസിക്കും.ഗുജറാത്തിൽ നിന്ന് കച്ചവടാവശ്യാർത്ഥം ആലപ്പുഴയിൽ എത്തിച്ചേർന്നവരുടെ പിന്മുറക്കാരിൽ ഒരാളാണ് രമേശ്കുമാർ. ബിരുദധാരിയായ രമേശ് കുമാർ ചാർട്ടേഡ് അക്കൗണ്ടൻസിയും പാസായി കുടുംബം പുലർത്തുവാൻ ടൂറിസ്റ്റ് ടാക്സി ഓടിക്കുകയാണ്.
നൂറിന് താഴെ ഗുജറാത്തികളെ ആലപ്പുഴയിൽ ഇനി അവശേഷിക്കുന്നുള്ളു. അവരിൽ രണ്ടോ മൂന്നോ പേർക്ക് മാത്രമേ വീടുകൾ സ്വന്തമായുള്ളു. അവശേഷിക്കുന്നവർ ജൈൻ ഹനുമാൻ ക്ഷേത്രം വക വീടുകളിലാണ് താമസിക്കുന്നത്. ഈ കെട്ടിടവും ക്ഷേത്രം വകയാണ്. ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങൾ ചെയ്യുന്നതും രമേശ് കുമാറാണ്.
സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത് 1992 ഡിസംബർ 22 ന് പുറത്തിറങ്ങിയ വിയറ്റ്നാം കോളനിയെന്ന സിനിമയു ടെ ചിത്രീകരണം നടന്നത് ഈ കെ ട്ടിടത്തിന്റെ ചുറ്റുവട്ട പ്രദേശങ്ങളിൽ വെച്ചാണ്. കുടിയിറക്ക് ഭീഷണി തുടർന്നാൽ ആദ്യം മനുഷ്യാവകാശ സംഘടനകളെയോ രാഷ്ട്രീയ പാർട്ടികളെയോ സമീപിക്കും. പരിഹാരമായില്ലെങ്കിൽ നിയമത്തിന്റെ വഴിതേടുകയേ മാർഗമുള്ളൂവെന്നും രമേശ്കുമാർ പറഞ്ഞു.
