ഉദയാസ്തമയപൂജ ദ്വാദശി ദിവസത്തേക്ക് മാറ്റിവെയ്ക്കാനാണ് നിലവിലെ നീക്കമെങ്കില്‍ പൂജാ കാര്യത്തില്‍ വീണ്ടും പല കടമ്പകളും കടക്കണം.
തൃശൂർ: ഗുരുവായൂര്‍ ദേവസ്വം രഹസ്യമായി തേടിയ ദേവഹിതത്തില്‍ ദേവന് അനിഷ്ടമല്ലെന്നു കണ്ടെത്തിയ ഉദയാസ്തമന പൂജ സംബന്ധിച്ച വിഷയം ഭരണ സമിതി ചര്‍ച്ചക്കെടുത്തില്ല. കോടിക്കണക്കിന് രൂപ ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത് പരസ്യമായതിനു പിന്നാലെ മറ്റൊരു വിവാദത്തിന് തിരികൊളുത്തേണ്ടതില്ലെന്ന നിലപാടാണ് വിഷയം ചര്‍ച്ചക്കെടുക്കാതെ മാറ്റിവെക്കാൻ കാരണം. നവംബര്‍ രണ്ടിന് ചേരുന്ന ഭരണ സമിതി യോഗത്തില്‍ വീണ്ടും രഹസ്യ ദേവഹിത വിഷയം കടന്നു വന്നേക്കും.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം നടന്നു വന്നിരുന്ന ഉദയാസ്തമന പൂജ ദ്വാദശിയിലേക്കു മാറ്റുന്നതില്‍ ദേവനു അനിഷ്ടമുണ്ടോയെന്നാണ് ദേവസ്വം ഒറ്റ പ്രശ്‌നം വെച്ച് നോക്കിയത്. എന്നാല്‍ പ്രശ്നം വെച്ചത് ദേവസന്നിധിയില്‍ വെച്ചല്ലെന്നതും ജ്യോതിഷിയെ നിശ്ചയിച്ചത് നറുക്കിടാതെയാണെന്നതും ആരോപണമുയർന്നു. തുടര്‍ന്ന് പൂജ നിര്‍വഹിക്കേണ്ട പാരമ്പര്യക്കാരുമായി ചര്‍ച്ച ചെയ്തപ്പോഴും പൂജ മാറ്റുന്നതിലുള്ള എതിര്‍പ്പ് പ്രകടമായി. ഇതിനു പിന്നാലെയാണ് സമവായത്തിലെത്തിയ ശേഷം മാത്രമേ തീരുമാനമുണ്ടാകൂവെന്ന് ഭരണ കര്‍ത്താക്കള്‍ വ്യക്തമാക്കിയത്. ഇന്നലെ തീരുമാനിച്ചേക്കുമെന്നായിരുന്നു സൂചന. എന്നാൽ, തീരുമാനമെടുക്കാതെ ഭരണസമിതി യോഗം പിരിഞ്ഞു.
ഉദയാസ്തമയപൂജ ദ്വാദശി ദിവസത്തേക്ക് മാറ്റിവെയ്ക്കാനാണ് നിലവിലെ നീക്കമെങ്കില്‍ പൂജാ കാര്യത്തില്‍ വീണ്ടും പല കടമ്പകളും കടക്കണം. ദ്വാദശി ദിവസം രാവിലെ ഒമ്പതിന് നട അടയ്ക്കുന്നതാണ് പതിവ്. പിന്നിട് വൈകീട്ടേ നട തുറക്കൂ. ദശമി ദിവസം പുലര്‍ച്ചെ മൂന്നിന് നടതുറന്നാല്‍ ഏകാദശിയും കഴിഞ്ഞ് ദ്വാദശി ദിവസം രാവിലെ ഒമ്പതു വരെ ദര്‍ശനം സൗകര്യമാണ്. 54 മണിക്കൂര്‍ പൂജകള്‍ക്കല്ലാതെ നട അടയ്ക്കുക്കുകയുമില്ല. ഇത് പൗരാണികമായി തുടര്‍ന്നു വരുന്നതാണ്. ഭക്തജനങ്ങള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഏറെ നേരം ദര്‍ശനത്തിനു ലഭ്യമാകുന്ന വേള കൂടിയാണിത്. അതിനാല്‍ ദര്‍ശനം കൂടുതല്‍ സുഗമമാക്കാനാണെന്ന വാദത്തിന് കാര്യമാത്ര പ്രസക്തിയില്ലെന്നതും വാദമുയർന്നു.
