കോട്ടപ്പടി സ്വദേശി മാറോക്കി ബിജുവാണ് ആറടി നീളത്തിലും നാലടി വീതിയിലുമായി ഈർക്കിലിയിൽ ഗുരുവായൂർ ക്ഷേത്ര മാതൃക നിർമ്മിച്ചത്.ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടില്ലാത്തതിനാൽ കേട്ടറിവിന്റെ ബലത്തിലാണ് അകത്തളങ്ങൾ മനോഹരമാക്കിയത്.
തൃശൂർ: ഈർക്കിലി ഉപയോഗിച്ച് നിർമ്മിച്ച ഗുരുവായൂർ ക്ഷേത്ര മാതൃക ഇനി ഗുരുവായൂർ ഭക്തർക്ക് അസ്വാദ്യവിരുന്നാകും. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സമർപ്പിച്ച മാതൃകാ രൂപം ഭക്തർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ദേവസ്വം തീരുമാനിച്ചു. കോട്ടപ്പടി സ്വദേശി മാറോക്കി ബിജുവാണ് ആറടി നീളത്തിലും നാലടി വീതിയിലുമായി ഈർക്കിലിയിൽ ഗുരുവായൂർ ക്ഷേത്ര മാതൃക നിർമ്മിച്ചത്. ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടില്ലാത്തതിനാൽ കേട്ടറിവിന്റെ ബലത്തിലാണ് അകത്തളങ്ങൾ മനോഹരമാക്കിയത്.
സിമൻറ് പണിക്കാരനായ ബിജു, ജോലി കഴിഞ്ഞെത്തിയാൽ ഒരു മണിക്കൂർ നിർമ്മാണത്തിനായി നീക്കിവെക്കും. ഇങ്ങനെയാണ് നിർമ്മാണം പൂർത്തീകരിച്ചത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വാഹനത്തിലാണ് മാതൃകാ രൂപം ഗുരുവായൂർ ക്ഷേത്ര നടയിൽ എത്തിച്ചത്. ക്ഷേത്രത്തിനു പുറത്ത് ദീപസ്തംഭത്തിന് മുന്നിൽ നടന്ന സമർപ്പണ ചടങ്ങ് എൻ.കെ. അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജയൻ, ഭരണസമിതി അംഗം സി. മനോജ്, ക്ഷേത്രം മാനേജർ സി.ആർ. ലെജുമോൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ക്ഷേത്ര മാതൃക ചില്ല് കൂട്ടിലാക്കി ക്ഷേത്രത്തിനകത്ത് പ്രദർശിപ്പിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജയൻ പറഞ്ഞു.


