ആലപ്പുഴ: ഹബീബും മുക്താറിനും ഇവിടെ സ്വന്തക്കാരില്ല. അന്തി ഉറങ്ങുന്നത് പുറംപോക്കിലെഷീറ്റ് കൊണ്ട് നിർമിച്ച ഒറ്റമുറി കൂരയിലാണ്.  ഔറങ്കബാദിൽ നിന്ന് മകനോടൊപ്പം യാത്രതിരിച്ചപ്പോൾ നന്മ നിറഞ്ഞനാട്ടിലെത്തുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു. മുക്താറിന് 20 വയസുണ്ടെങ്കിലും അരുകിൽ അച്ഛനുണ്ടാകണം. മാനസികനിലതെറ്റി പൂമ്പാറ്റയെപ്പോലെ പാറിനടക്കുന്ന മകന്‍റെ വിരൽത്തുമ്പിൽ നിന്ന് കൈവിടാതെ അമ്മയെപ്പോലെ ഊട്ടി ഉറക്കാൻ അച്ഛന്‍റെ തലോടൽ വേണം. 

ഇതിനെല്ലാം സാക്ഷികളാകാൻ വളഞ്ഞവഴിയിലെ നാട്ടുകാരും കച്ചവടക്കാരുമാണുള്ളത്. ഇവർക്ക് അന്നവും വസ്ത്രവും എല്ലാം ഇവരുടെ സഹായമാണ്. കാക്കാഴം മേൽപ്പാലത്തിനു സമീപം ടിൻഷീറ്റുകൾ കൂട്ടി അടുക്കിയ ഒറ്റ മുറിക്കൂരക്കുള്ളിലാണ് ഹബീബും മകനും വർഷങ്ങളായി കഴിയുന്നത്. ജനിച്ചുവളർന്നത് ഔറങ്കബാദിലാണെങ്കിലും പോറ്റിവളർത്തുന്നത് കച്ചവടക്കാരും കുറച്ചു കാരുണ്യ പ്രവർത്തകരുമാണ്. ഹബീബിന് സ്വന്തം വയസ് കൃത്യമായി അറിയില്ലെങ്കിലും വാർദ്ധക്യം കടന്നുകൂടിയെന്ന് കണ്ടാലറിയാം. മകൻ എങ്ങോട്ടുപോയാലും മിഴിതെറ്റാതെ ഹബീബും കൂട്ടിനുണ്ടാവും. മകൻ ഉറങ്ങിയെന്ന് ഉറപ്പായാലെ ഹബീബിനൊന്ന് തലചായ്ക്കാനാകൂ. 

രാവിലെ എഴുന്നേൽക്കുന്നതും കാത്ത് മകന്‍റെ അരികിൽ ഹബീബുണ്ടാകും. പ്രഭാതകൃത്യം കഴിഞ്ഞാൽ ഹബീബ് വേണം വൃത്തിയാക്കാൻ. കുളിക്കുന്നത് തേവരുനട ക്ഷേത്രക്കുളത്തിലാണ്. മകനെയും കുളിപ്പിച്ചതിനുശേഷം ഉടുത്തിരുന്ന വസ്ത്രങ്ങൾ അവിടെ കഴുകി വൃത്തിയാക്കും. പിന്നീട് ഇരുവരും കുറവൻതോട് ജംഗ്ഷൻ മുതൽ വളഞ്ഞവഴിവരെയുള്ള കടകളിൽ കയറിയിറങ്ങും. സ്ഥിരമായി സഹായിക്കുന്ന കടകഥളിൽ മാത്രമാണ് കയറുന്നത്. ഇതിനിടയിൽ ഹോട്ടലുകളിൽനിന്ന് കിട്ടുന്ന ഭക്ഷണം കഴിക്കും. ഉച്ചക്കുള്ള ഭക്ഷണം പൊതിഞ്ഞുവാങ്ങി കൂരയിലെത്തും. 

മകന് ഉച്ചഭക്ഷണം വിളമ്പുന്നതിന് മുൻപ് കാക്കളുടെ വിശപ്പകറ്റും. ഇത് കഴിക്കാൻ ഉച്ചയോടെ കാക്കകൾ ഹബീന്‍റെ കൂരക്ക് ചുറ്റും കൂടും. ഞായറാഴ്ചകളിൽ ജീവകാരുണ്യ പ്രവർത്തകരുടെ വകയാണ് ഭക്ഷണം. ആഹാരം കളയുന്നത് ഹബീബിന് ഇഷ്ടമല്ല. കഴിച്ചതിനുശേഷം ആര് ഭക്ഷണം കൊണ്ടുവന്നാലും അവരെ വെറുപ്പിക്കാതെ സന്തോഷത്തോടെ മടക്കിവിടും. ഹിന്ദി മാത്രം അറിയാവുന്ന ഹബീബ് തന്‍റെ കുടുംബവിശേഷങ്ങൾ പങ്കുവെയ്ക്കാൻ തയ്യാറല്ല. സ്വന്തമെന്ന് പറയാൻ എനിക്ക് മകൻ മാത്രമാണെന്നാണ് പറയുന്നത്. മാനസികനില തെറ്റിയ മകൻ വീടുവിട്ടിറങ്ങിയപ്പോൾ ഒപ്പം കൂടിയതാണ്. അങ്ങനെ പല ട്രെയിനുകളും നാടുകളും കടന്ന് 10 വർഷം മുൻപ് അമ്പലപ്പുഴയിൽ എത്തി. 

കുറച്ചുകാലം റെയിൽവേ സ്റ്റേഷനിൽ കഴിച്ചുകൂട്ടി. അതിനുശേഷമാണ് കാക്കാഴത്ത് എത്തുന്നത്. കടത്തിണ്ണകൾ മാറി മാറി കഴിച്ചുകൂട്ടി. കച്ചവടക്കാർ നൽകുന്ന പണം സ്വരൂപിച്ച് പിന്നീട് മേൽപ്പാലത്തിനുസമീപം ഒരു കൂരകൂട്ടി. പലരും സഹായിക്കാനെത്തിയെങ്കിലും അവർ നിരാശയോടെ മടങ്ങേണ്ടിവന്നു. പഴയവസ്ത്രങ്ങളുമായി പലരും എത്താറുണ്ടെങ്കിലും വാങ്ങാറില്ല. പുത്തൻ ഉടുപ്പുകൾ മാതമെ ഉപയോഗിക്കാറുള്ളു. അതിനുള്ള വകയും കച്ചവടക്കാരിൽ നിന്ന് കിട്ടാറുണ്ട്. മകനോടൊപ്പം പോകുമ്പോൾ അവന്‍റെ വസ്ത്രങ്ങൾ നിറച്ച സഞ്ചി എന്നും ഹബീബിന്‍റെ തോളിലുണ്ടാവും. ഹബീബിന് സ്വന്തം വീട്ടിൽ പോകണ്ടേ എന്ന ചോദ്യത്തിന് ഇതാണെന്‍റെ വീട് ഈ നാട്ടുകാരാണ് എന്‍റെ സ്വന്തക്കാർ എന്നാണ് മറുപടി