പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ വിവരങ്ങള്‍ ഹാക്കർമാർ ചോർത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം തുടങ്ങി. മുൻപും വിവരങ്ങള്‍ ചോർത്താൻ ശ്രമം നടന്നതായി അന്വേഷണ സംഘം കണ്ടെത്തി.

വിവരങ്ങള്‍ ചോർത്തിയതിനെ കുറിച്ച് അന്വേഷിക്കുന്ന സൈബർ സെല്‍ സൈബർ ഡോം വിദഗ്ദർ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇതിന് മുൻപ് അഞ്ച് തവണ വിവരങ്ങള്‍ ചോർത്താൻ ശ്രമം നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. സന്ദേശം വന്നിരിക്കുന്നത് യു എസ്സ് കേന്ദ്രികരിച്ചണന്ന് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍.

പണം അയക്കാൻ ആവശ്യപ്പെട്ട് അയച്ച സന്ദേശം പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. ഐ പി അഡ്രസ്സ് പാകിസ്ഥാനിൽ നിന്നുള്ളതല്ലെന്നാണ് സൈബർ വിദഗ്ദരുടെ വിലയിരുത്തല്‍. ഏത് രാജ്യത്തിരുന്നും മറ്റ് രാജ്യങ്ങളുടെ ഐ പി അഡ്രസ്സ് ഉപയോഗിക്കാൻ കഴിയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വിവരങ്ങള്‍ ചോർത്തിയതിന് ഒപ്പം വൈറസുകളെ കടത്തിവിട്ട് സെർവറിന് കേടുപാടുകള്‍ വരുത്താത്തതിനാലാണ് വിവരങ്ങള്‍ വീണ്ടെടുക്കാൻ കഴിഞ്ഞത്.

സെപ്തംബർ ഒന്നാം തീയതി മുതല്‍ ജനറല്‍ ആശുപത്രിയിലെ കംമ്പ്യൂട്ടറുകളുടെ പ്രവർത്തനം നിലച്ചിരുന്നു. സോഫ്റ്റ് വെയർ നന്നാക്കാൻ എത്തിയ ഏജൻസിയാണ് വിവരങ്ങള്‍ ചോർത്തിയ വിവരം കണ്ടെത്തിയത്. സമാനമായ രീതിയില്‍ ജില്ലയിലെ മറ്റ് സ്ഥാപനങ്ങളിലും ഇത്തരത്തിൽ ഹാക്കിങ് നടന്നിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.