ഇടുക്കി: മൂന്നാർ സബ് ഡിവിഷനിലെ പൊലീസുകാർക്ക് ഇനി സ്വസ്ഥമായി കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കാം. പൊലീസുകാരുടെ മാനസിക സമ്മർദ്ദം കുറക്കാൻ ലക്ഷ്യമിട്ട് മൂന്നാർ ഡിവൈഎസ്പിയാണ് ഇതിനുളള ഉത്തരവ് ഇറക്കിയത്.

കൃത്യനിര്‍വ്വഹണവുമായി ബന്ധപ്പെട്ടുള്ള ജോലിഭാരം മൂലം പൊലീസ് ഉദ്യോഗസ്ഥ‌ർ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അയവു വരുത്താനുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മൂന്നാർ ഡിവൈഎസ്പിയുടെ പുതിയ പരിഷ്ക്കാരം. 'ഹാപ്പി ബർത്ത് ഡേ ടു യൂ' എന്നാണ് ഇതിന് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇതനുസരിച്ച് ജന്മദിന ദിവസങ്ങളിൽ മൂന്നാർ മേഖലയിലെ പൊലീസുദ്യോഗസ്ഥർക്ക് അവധിയെടുത്ത് കുടുംബാംഗങ്ങൾക്കൊപ്പം ജന്മദിനം ആഘോഷിക്കാം. സബ് ഡിവിഷന് കീഴിൽ വരുന്ന എട്ട് പൊലീസ് സ്റ്റേഷനുകളിലെ 290 ഉദ്യോഗസ്ഥർക്കാണ് ഉത്തരവ് ബാധകമാകുക.

സബ് ഡിവിഷനിൽ നിന്നും മറ്റിടങ്ങളില്‍ പോയി സേവനമനുഷ്ടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഉത്തരവ് ബാധകമാണ്. സ്റ്റേഷനുകളിലെ നോമിനൽ റോളിൽ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം മലയാളം ജന്മദിനങ്ങൾ കൂടി രേഖപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ജന്മദിനത്തിലും സ്വന്ത ഇഷ്ടപ്രകാരം ജോലി ചെയ്യാനാഗ്രഹിക്കുന്നവർക്ക് ഉത്തരവ് ബാധകമാകില്ല.