അച്ഛന്റെ ചരക്ക് ലോറിയിലേറി കേരളത്തിലേക്ക് തിരിച്ച യാത്രയ്ക്ക് കുതിരാനിൽ സഡൻ ബ്രേക്ക് വീണപ്പോള്‍ ഹരീഷിന് നഷ്മായത് രണ്ടു കാലുകള്‍ മാത്രമായിരുന്നില്ല, കുറെ സ്വപ്നങ്ങൾ കൂടിയായിരുന്നു
കൊച്ചി: വർഷങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽ ഇരുകാലുകളും നഷ്ടമായ കൗമാരക്കാരനെ തേടി ഒരു ഫോട്ടോഗ്രാഫർ നടത്തിയ യാത്രയ്ക്ക് കൊച്ചിയിൽ പുതിയ വഴിത്തിരിവാകുകയാണ്. തന്നെ തിരഞ്ഞു കണ്ടു പിടിച്ച ഫോട്ടോഗ്രാഫറെ തേടി ഹരീഷ് എന്ന തമിഴ്നാട് സ്വദേശി കിലോമീറ്ററുകള് താണ്ടി കൊച്ചിയിലെത്തി. പക്ഷെ ആ യാത്രക്ക് ഇപ്പോള് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്.
9 കൊല്ലം മുൻപൊരു ഫുട്ബോള്‍ കാലത്ത് അച്ഛന്റെ ചരക്ക് ലോറിയിലേറി കേരളത്തിലേക്ക് തിരിച്ച യാത്രയ്ക്ക് കുതിരാനിൽ സഡൻ ബ്രേക്ക് വീണപ്പോള്‍ ഹരീഷിന് നഷ്മായത് രണ്ടു കാലുകള്‍ മാത്രമായിരുന്നില്ല, കുറെ സ്വപ്നങ്ങൾ കൂടിയായിരുന്നു. അച്ഛനിൽ നിന്ന് അറിഞ്ഞു കേട്ട കേരളവും മലയാളിയുടെ കളിപ്രേമവും കാണാനായിരുന്നു വരവ്. നല്ല ജെഴ്സിയും ബൂട്ടും വാങ്ങാനും.
മറ്റൊരു ലോകഫുട്ബോള് കാലത്ത് തന്നെ ആണ് ഹരീഷിനെ തേടി ഫോട്ടോഗ്രാഫറായ സുനിലിറങ്ങിയതും. ഒടുവിൽ മധുരയിൽ നിന്ന് ഹരീഷിനെ കണ്ടു കിട്ടി. ഫുട്ബോള്‍ സ്നേഹത്തിന്റെ പേരിൽ കേരളത്തെയും സുനിലിനെയും തേടി മധുരയിൽ നിന്ന് എത്തിയിരിക്കുകയാണ് ഹരീഷ്. വീണ്ടും കേരളത്തിലെത്തുമ്പോള്‍ പഴയ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നു. ലോകം കാണണം. മൈതാനത്തിറങ്ങി ഒരു വട്ടമെങ്കിലും പന്ത് തട്ടണം.
15 ലക്ഷം രൂപയുടെ കൃത്രിമകാലുണ്ടെങ്കിലെ ഹരീഷിനെ ഇനി മൈതാനത്തിറങ്ങാനാകൂ. മലയാളിയെയും കാൽപന്തിനെയും അത്രമേൽ ഇഷ്ടപ്പെട്ട കളിപ്രേമിയ്ക്കായി മലയാളികൾ തന്നെ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ് സുനിൽ. മധുരയിൽ ബിരുദവിദ്യാർത്ഥിയായ ഹരീഷിന് സഹായവാഗ്ദാനവുമായി ഐഎം വിജയൻ അടക്കമുള്ളവർ എത്തിയിട്ടുണ്ട്. മലയാളിയുടെ നൻമയിൽ പ്രതീക്ഷ അർപ്പിക്കുകയാണ് ഹരീഷ് .
