ഏലംകുളം ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേന നാല് വർഷമായി കെട്ടിക്കിടന്ന 101 ടൺ മാലിന്യം നീക്കം ചെയ്തു. ആഘോഷിക്കാൻ മാലിന്യം നീക്കിയ സ്ഥലത്ത് തിരുവാതിര കളിച്ച ഇവർ, സ്വന്തമായി സ്വരൂപിച്ച പണം കൊണ്ട് ആദ്യ വിമാനയാത്രയ്ക്ക് ഒരുങ്ങുകയാണ്.

മലപ്പുറം: ഏലംകുളം ഗ്രാമപഞ്ചായത്തിന്‍റെ എംസിഎഫില്‍ നാല് വര്‍ഷമായി കെട്ടിക്കിടന്ന 101 ടണ്‍ മാലിന്യം നീക്കി ഹരിത കര്‍മസേന. മാലിന്യം നീക്കിയ എംസിഎഫില്‍ തിരുവാതിര കളിച്ചു. ഇനി ആകാശ യാത്രക്കൊരുങ്ങുകയാണ് ഹരിത കര്‍മ സേനാംഗങ്ങള്‍. നേരത്തെ തീരുമാനിച്ചത് പ്രകാരം ഹരിത കര്‍മസേന അംഗങ്ങള്‍ 18ന് ബെംഗളൂരുവിലേക്ക് വിനോദയാത്ര പോകും. രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര. ആദ്യമായി വിമാനം കയറുന്നതിന്റെ സന്തോഷത്തിലാണിവർ. 34 പേരാണ് ഏലംകുളം ഹരിതകര്‍മ സേനയിലുള്ളത്. തങ്ങള്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ നിന്നും നിശ്ചിത തുക മാറ്റിവെച്ചാണ് ഇവര്‍ വിമാന യാത്രക്കുള്ള പണം സ്വരൂപിച്ചത്. 

ഏലംകുളം ഗ്രാമപഞ്ചായത്തിലെ മുതുകുര്‍ശ്ശി എംസിഎഫില്‍ നാലു വര്‍ഷമായി കെട്ടിക്കിടക്കുന്ന മാലിന്യം പല കാരണങ്ങളാല്‍ നീക്കാനായിരുന്നില്ല. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച് കൊണ്ടുവരുന്ന മാലിന്യവും പാഴ്‌വസ്തുക്കളും ഇവിടെ കൂട്ടിയിട്ടിരുന്നു. ഇത് ഏറെ പണിപ്പെട്ടാണ് നീക്കം ചെയ്തത്. ഓരോ വീട്ടിലും കയറിയിറങ്ങി അജൈവ മാലിന്യം ശേഖരിച്ച് അവ തരംതിരിച്ച് പുനരുപയോഗം ചെയ്യാനാകുന്നവ കമ്പനികള്‍ക്ക് കൈമാറുക, അല്ലാത്തവ റോഡ് ടാറിംഗ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് ഹരിതകര്‍മ സേനാംഗങ്ങള്‍ ചെയ്തുവരുന്നത്. കൂടാതെ വീട്ടുകാര്‍ക്ക് ജൈവ മാലിന്യ സംസ്‌കരണത്തിനുതകുന്ന പരിഹാരങ്ങളും നിര്‍ദേശങ്ങളും അംഗങ്ങള്‍ നല്‍കി വരുന്നുണ്ട്.