കൊടുവള്ളി, താമരശ്ശേരി, ബാലുശ്ശേരി എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനുള്ള പണം ഫൈസലിന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു

കോഴിക്കോട്: കൊടുവള്ളി, പൂനൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 6,65,500.രൂപയുടെ കുഴല്‍പണവുമായി രണ്ടു പേരെ കോഴിക്കോട് റൂറല്‍ എസ്പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. 4,47,000.രൂപയുമായി അവിലോറ നാടികല്ലിങ്ങല്‍ വീട്ടില്‍ ഫൈസല്‍ (35) ആണ് ഞായറാഴ്ച 12 മണിക്ക് കൊടുവള്ളിയില്‍ നിന്ന് പിടിയിലായത്. കൊടുവള്ളി ഇന്‍സ്പെക്ടര്‍ ടി ദാമോദരനും സംഘവുമാണ് ഇയാളെ പാലക്കുറ്റിക്ക് സമീപത്ത് നിന്ന് പിടികൂടിയത്. 

കൊടുവള്ളി, താമരശ്ശേരി, ബാലുശ്ശേരി എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനുള്ള പണം ഫൈസലിന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. കൊടുവള്ളിയിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നും വിതരണം ചെയ്യാന്‍ കൊണ്ട് പോകമ്പോഴാണ് ഫൈസല്‍ പിടിയിലായതെന്ന് പൊലിസ് പറഞ്ഞു.

ഉച്ചക്ക് ഒരു മണിയോടെ പൂനൂരില്‍ നിന്നാണ് കുഴല്‍പണവുമായി തച്ചംപൊയില്‍ വയകേരിപറമ്പില്‍ ഷബീറി(34)നെ ബാലുശ്ശേരി എസ്‌ഐ കെ പി സതീഷ് പിടികൂടിയത്. 2,15,500.രൂപയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. 

താമരശ്ശേരി ഡിവൈഎസ്പി എന്‍ സി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐമാരായ രാജീവ് ബാബു, സുരേഷ്വി കെ,ഗംഗാധരന്‍,വിനോദ്,എഎസ്‌ഐമാരായ പ്രദീപന്‍, യൂസഫ്, ഷാജി, സജീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.