മീന്‍ വാങ്ങി വരുന്നവരും മറ്റ് യാത്രക്കാരും പരുന്തിന്റെ ആക്രമണത്തിന് ഇരയായി. പരുന്തിന്റെ ശല്യം രൂക്ഷമായതോടെ പലരും പട്ടാപ്പകലും കുട ചൂടി യാത്രചെയ്യാന്‍ തുടങ്ങി. 

ആലപ്പുഴ: ദിവസങ്ങളോളംനാട്ടുകാരെ വിറപ്പിച്ച പരുന്തിനെ (Hawk) കാട്ടൂര്‍ സ്വദേശി ആന്റണിയെത്തി പിടികൂടിയപ്പോള്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ലൂഥറന്‍ സ്‌കൂള്‍, ആലപ്പാട് പ്രദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി. ഒന്നരമാസം മുന്‍പ് ഈ പ്രദേശത്തെത്തിയ പരുന്ത് വഴിപോക്കരെയും കുട്ടികളെയും ആക്രമിക്കുന്നത് പതിവായി മാറി. 

മീന്‍ വാങ്ങി വരുന്നവരും മറ്റ് യാത്രക്കാരും പരുന്തിന്റെ ആക്രമണത്തിന് ഇരയായി. പരുന്തിന്റെ ശല്യം രൂക്ഷമായതോടെ പലരും പട്ടാപ്പകലും കുട ചൂടി യാത്രചെയ്യാന്‍ തുടങ്ങി. പലര്‍ക്കും പരുന്തിന്റെ കൊത്തേറ്റു. പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. സുരേഷും ജോളി അജിതനും പ്രശ്‌ന പരിഹാരത്തിനായി വനം വകുപ്പിനെ ബന്ധപ്പെട്ടു. അവരാണ് പാമ്പ് പിടിത്തത്തിലും പരുന്ത് പിടിത്തത്തിലും വിദഗ്ധനായ കാട്ടൂര്‍ ഈരേശേരില്‍ ആന്റണിയെ നിര്‍ദേശിച്ചത്. 

പരുന്തിനെ പിടിക്കാന്‍ കെണിയുമായെത്തിയ ആന്റണി മൂന്നുദിവസം കാത്തിരുന്നെങ്കിലും പരുന്ത് ഉയരമുള്ള വൃക്ഷങ്ങളുടെ ശിഖരത്തിലിരുന്നതല്ലാതെ താഴേക്ക് വരാതായി. പിന്നീട് കിഴക്കേതയ്യില്‍ ഷൈജുവിന്റെ വീടിനുള്ളില്‍ പരുന്തിനെ ആകര്‍ഷിക്കാന്‍ മീന്‍വച്ചശേഷം ഒളിച്ചുനിന്നു. ആരുമില്ലെന്ന് കണ്ടതോടെ പരുന്ത് ഷൈജുവിന്റെ വീടിനുള്ളില്‍ കയറി മീന്‍ കൊത്താന്‍ തുടങ്ങിയതും വാതില്‍ അടച്ച് പിടികൂടുകയായിരുന്നു. പരുന്തിനെ അടുത്തദിവസം വനം വകുപ്പിന് കൈമാറും.