ഇടമലക്കുടി ട്രൈബല്‍ എല്‍പി സ്‌കൂളിന്റെ ചരിത്രത്തിലാദ്യമായി നാലു വര്‍ഷം തുടര്‍ച്ചയായി പ്രധാനാധ്യാപകനായി ജോലി ചെയ്ത ശേഷം കുടിക്കാരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് വാസുദേവന്‍ പിള്ള മടങ്ങുന്നത്.

മൂന്നാര്‍: പ്രിയപ്പെട്ട പി എസ് വാസുദേവന്‍ പിള്ളയ്ക്ക് ഹൃദയം തൊട്ട് യാത്ര പറഞ്ഞ് ഇടമലക്കുടിക്കാർ. ഇടമലക്കുടി ട്രൈബല്‍ എല്‍പി സ്‌കൂളിന്റെ ചരിത്രത്തിലാദ്യമായി നാലു വര്‍ഷം തുടര്‍ച്ചയായി പ്രധാനാധ്യാപകനായി ജോലി ചെയ്ത ശേഷം കുടിക്കാരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് വാസുദേവന്‍ പിള്ള മടങ്ങുന്നത്. തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശിയായ വാസുദേവന്‍ പിളള 2019 ജൂണ്‍ 25നാണ് സ്‌കൂളിലെ പ്രധാനാധ്യാപകനായി ചുമതലയേറ്റത്.

നാലാം ക്ലാസ് വരെയുള്ള സ്‌കൂളില്‍ അന്ന് ആകെ 45 കുട്ടികളാണ് ഉണ്ടായിരുന്നത്. സഹപ്രവര്‍ത്തകരായ അധ്യാപകരുടെ സഹായത്തോടെ എല്ലാ വീടുകളിലും കയറിയിറങ്ങി കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞു മനസിലാക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. ഇതിന്റെ ഫലമായി നാലു വര്‍ഷം കൊണ്ട് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം 45ല്‍ നിന്നും 149ല്‍ എത്തിക്കാനായെന്ന അഭിമാനത്തോടെയാണ് വാസുദേവന്‍ ഇന്നലെ സ്‌കൂളിന്റെ പടിയിറങ്ങിയത്.

കൂടാതെ നാലു വര്‍ഷത്തിനിടയില്‍ സ്‌കൂളിലേക്ക് ആറ് ലക്ഷം രൂപയുടെ പഠനോപകരണങ്ങള്‍, മൂന്ന് ലക്ഷം രൂപാ ചെലവില്‍ രണ്ട് സ്മാര്‍ട്ട് ക്ലാസ് മുറികള്‍, കൊച്ചിന്‍ ഷിപ്പ്‍യാർഡിന്റെ സിഎസ്ആര്‍ ഫണ്ടായ 66 ലക്ഷം രൂപയുപയോഗിച്ചുള്ള പുതിയ സ്‌കൂള്‍ കെട്ടിട നിര്‍മാണം, കുട്ടികള്‍ക്ക് മുഖ്യമന്ത്രിയെ ഉള്‍പ്പെടെ കണ്ട് സംസാരിക്കുന്നതിനും മറ്റും നടത്തിയ പഠനയാത്ര, നൂറടി കുടിയില്‍ ലൈബ്രററി സ്ഥാപിക്കല്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. ഏപ്രില്‍ 30നാണ് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നതെങ്കിലും സ്‌കൂളിലെ അവസാന പ്രവൃത്തി ദിവസം ഇന്നലെയായിരുന്നതിനാല്‍ കുട്ടികളും രക്ഷിതാക്കളും മറ്റ് അധ്യാപകരും ചേര്‍ന്ന് അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കുകയായിരുന്നു.

യാത്രയയപ്പ് സമ്മേളനത്തിനെത്തിയ 400 പേര്‍ക്ക് സ്വന്തം പണം കൊണ്ട് സദ്യ തയ്യാറാക്കി അവര്‍ക്കൊപ്പം കഴിച്ച ശേഷം വൈകിട്ടാണ് വാസുദേവന്‍ ഇടമലക്കുടി യോട് യാത്ര പറഞ്ഞത്.1978ലാണ് സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ സൊസൈറ്റിക്കുടിയില്‍ കുടി പള്ളിക്കുടം ആരംഭിച്ചത്. അന്നു മുതല്‍ ഇവിടേക്ക് നിയമിക്കപ്പെടുന്ന പ്രധാനാധ്യാപകര്‍ ആറുമാസം തികയുന്നതിന് മുന്‍പ് സ്ഥലം മാറ്റം വാങ്ങി പോകുകയായിരുന്നു പതിവ്. ആ പതിവുകളെല്ലാം തെറ്റിച്ച് ഇടമലക്കുടിക്കാരുടെ ഹൃദയവും കൊണ്ടാണ് വാസുദേവന്‍ പിള്ളയുടെ തിരികെയുള്ള യാത്ര. 

തുടർഭരണത്തിന്റെ രണ്ടാം വാർഷികം; ‘എന്റെ കേരളം-2023’, ആഘോഷപരിപാടികളുമായി രണ്ടാം പിണറായി സർക്കാർ