സംസ്ഥാനത്തെ നിരവധി പ്രാഥമിക കേന്ദ്രങ്ങളുടെ ഉദ്ഘാടനം 2021 ഫെബ്രുവരി 16ന് ഒന്നിച്ചാണ് ശൈലജ നിര്‍വഹിച്ചത്.

കോഴിക്കോട്: കട്ടിപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് രണ്ട് തവണ പ്രവർത്തി ഉദ്ഘാടനം. 2021 ഫെബ്രുവരി 16ന് അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചതായിരുന്നു ആദ്യ ഉദ്ഘാടനം. ഡിസംബര്‍ 16ന് കൊടുവള്ളി എംഎല്‍എ എം.കെ മുനീറാണ് വീണ്ടും കട്ടിപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചത്. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. 

സംസ്ഥാന സര്‍ക്കാര്‍ ഒന്നരക്കോടി രൂപ അനുവദിച്ചതും 2020 സെപ്തംബറില്‍ ഭരണാനുമതി ലഭിച്ചതും അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചതുമാണെന്ന് അറിയിച്ചാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഉദ്ഘാടനത്തിന് മുന്‍പ് വിളിച്ച പ്രാഥമിക ആരോഗ്യ കേന്ദ്ര മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലും എല്‍.ഡി.എഫ് പ്രവര്‍ത്തി ഉദ്ഘാടനം നടന്ന വിവരം അധികൃതരെ അറിയിച്ചിരുന്നെന്ന് കട്ടിപ്പാറയിലെ നേതാവ് കെ.വി. സെബാസ്റ്റ്യന്‍ പറഞ്ഞു. കൊടുവള്ളി നിയോജക മണ്ഡലത്തിലെ പതിനാലോളം പ്രവര്‍ത്തികള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ലഭ്യമായതാണെന്ന് എല്‍.ഡി.എഫ് അറിയിച്ചു. ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തി ഇതുവരെ ആരംഭിക്കാന്‍ കഴിയാതിരുന്നത് എംഎല്‍എയുടെ പിടിപ്പുകേടാണെന്ന ആക്ഷേപം മറികടക്കാനാണ് ഉദ്ഘാടന പ്രഹസനം എന്ന് ആരോപിച്ച് എല്‍.ഡി.എഫ് ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തു. 

സംസ്ഥാനത്തെ നിരവധി പ്രാഥമിക കേന്ദ്രങ്ങളുടെ ഉദ്ഘാടനം 2021 ഫെബ്രുവരി 16ന് ഒന്നിച്ചാണ് ശൈലജ നിര്‍വഹിച്ചത്. ആദ്യത്തെ ഉദ്ഘാടന ചടങ്ങില്‍ അന്നത്തെ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ് ആയിരുന്നു അധ്യക്ഷന്‍. അന്നത്തെ ചടങ്ങില്‍ പങ്കെടുത്ത കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ആയിരുന്നു കഴിഞ്ഞ ദിവസത്തെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷന്‍. 

അതേസമയം, മുന്‍പ് നടന്നത് ചടങ്ങ് മാത്രമാണെന്നും ഫണ്ട് ലഭിക്കാത്തതിനാല്‍ പ്രവൃത്തി തുടങ്ങാനായില്ലെന്നുമാണ് കട്ടിപ്പാറയിലെ യു.ഡി.എഫ് പറയുന്നത്.

മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്റെ കമന്റ്; പിന്നാലെ മറുപടിയുമായി കോണ്‍ഗ്രസ്

YouTube video player