മലപ്പുറം: ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ പൂപ്പലം മീന്‍ മാർക്കറ്റിൽ മിന്നൽ പരിശോധന നടത്തി.  ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ജി. ജയശ്രീയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കർണ്ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുളള 15 ഓളം വാഹനങ്ങളും പരിശോധിച്ചു.

ചെമ്മീൻ, കൂന്തൾ, ചാള, അയല, വേളൂരി എന്നിവയുൾപ്പെടെ പത്തോളം മത്സ്യങ്ങളിൽ ഫോർമാലിൻ അമോണിയ എന്നിവയുടെ സാന്നിധ്യമില്ലെന്ന് സ്ട്രിപ്പ് ഉപയോഗിച്ച പരിശോധനയിൽ വ്യക്തമായി. വൃത്തിഹീനമായ സാഹചര്യങ്ങളിൽ മത്സ്യം സൂക്ഷിക്കുന്നതും, മതിയായ അളവിൽ ഐസ് ഉപയോഗിക്കാതെ വിപണനം നടത്തുന്നതിനുമെതിരെ ജില്ലയിലെ മത്സ്യമാർക്കറ്റുകളിൽ പരിശോധനകളും, കർശന നടപടികളും വരും ദിവസങ്ങളിലും തുടരുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണർ അറിയിച്ചു.  

പരിശോധനയിൽ തിരൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ പി. അബ്ദുൾ റഷീദ്, കൊണ്ടോട്ടി ഭക്ഷ്യ സുരക്ഷാ ഓഫീസർ ഡോ. കെ സി മുഹമ്മദ് മുസ്തഫ, മങ്കട ഭക്ഷ്യ സുരക്ഷാ ഓഫീസർ കെ.ജി രമിത, ജില്ലാ ഭക്ഷ്യ സുരക്ഷാ നോഡൽ ഓഫീസർ ദിവ്യ ദിനേഷ് , ഭക്ഷ്യ സുരക്ഷാ ഓഫീസർ ആർ. ഹേമ എന്നിവർ പങ്കെടുത്തു.