എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജിൽ ആധുനിക ഡിജിറ്റൽ ഇമേജിംഗ് സെന്‍ററിന്‍റെയും  വിപുലീകരിച്ച പുതിയ ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിർവഹിച്ചു. ഇതോടെ സൗജന്യമായും ചുരുങ്ങിയ ചെലവിലും  എംആർഐ സ്കാനിംഗും ഡയാലിസിസും കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗികൾക്ക് ലഭ്യമാകും.

25 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇമേജിംഗ് സെന്‍ററിൽ എംആർഐ സ്കാൻ, ഡിജിറ്റൽ മാമോഗ്രാം, ഡിജിറ്റൽ ഫ്ളൂറോസ്കോപ്പി തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എംആർഐ സ്കാനിങ്ങിന് 2000 രൂപ മുതൽ 3000 രൂപ വരെയാണ് ചാർജ്ജ് ഈടാക്കുക. സർക്കാർ നടപ്പിലാക്കി വരുന്ന സൗജന്യ ചികിത്സ പദ്ധതികളിലൂടെ രോഗ്യകൾക്ക് സൗജന്യ സേവനവും ലഭ്യമാകും.

ആറ് ഡയാലിസിസ് യന്ത്രങ്ങൾ ഉള്ള ഡയാലിസിസ് യൂണിറ്റാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവർത്തിച്ചിരുന്നത്. 10 ഐസിയു സംവിധാനത്തോട് കൂടിയുള്ള ഡയാലിസിസ് യന്ത്രങ്ങൾ ഉൾപ്പെടുത്തിയാണ് ഡയലിസിസ് യൂണിറ്റ് വിപൂലികരിച്ചത്. ഇതോടെ പ്രതിദിനം 40 ഓളം ഡയലാസിസുകൾ ചെയ്യാൻ സാധിക്കും. സ്വകാര്യ ആശുപത്രികളിൽ 2500 രൂപയോളം ചിലവ് വരുന്ന ഡയാലിസിസിന് കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗികൾക്ക് ചെലവ് വരിക 400 രൂപ മാത്രമാണ്.

പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും കിറ്റ്കോയുടെയും സഹകരണത്തോടെയാണ് ഡയലാസിസ് യൂണിറ്റ് വിപുലീകരിച്ചത്. ചടങ്ങിനോടനുബന്ധിച്ച് നിപ അനുഭവങ്ങൾ പങ്കുവെക്കൽ ശിൽപ്പശാലയും നടന്നു.