Asianet News MalayalamAsianet News Malayalam

പുരസ്കാര തുക സംഭാവന നല്‍കി ആരോഗ്യമന്ത്രി കെ കെ ശൈലജ

വനിത കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ ഭര്‍ത്താവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന കമാലുദ്ദീന്റെ പേരില്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്

health minister kk shylaja donate her award money
Author
Thiruvananthapuram, First Published Jul 31, 2019, 6:29 PM IST

തിരുവനന്തപുരം: കമാലുദ്ദീന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ആതുര സേവാരത്‌നം പുരസ്‌കാരം നേടിയ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അവാര്‍ഡ് തുകയായ 50,000 രൂപ പത്തനാപുരം ഗാന്ധി ഭവനും സാമൂഹ്യ സുരക്ഷാ മിഷന്‍റെ വി കെയര്‍ പദ്ധതിയ്ക്കും സംഭാവന നല്‍കി. പത്തനാപുരം ഗാന്ധി ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ മന്ത്രിയില്‍ നിന്നും അവാര്‍ഡ് തുക ഏറ്റുവാങ്ങി.

നിസഹായരായവരും നിരാലംബരുമായവര്‍ക്ക് വേണ്ടി നിസ്തുല സേവനം നടത്തുന്ന ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് കൈത്താങ്ങാവാനാണ് 25,000 രൂപ സംഭാവന നല്‍കിയതെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയില്‍ സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേ സമയം ഈ തുക ഗാന്ധിഭവനിലെ ഓണാഘോഷത്തിന് വേണ്ടിയായിരിക്കും ചെലവഴിക്കുകയെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പറഞ്ഞു.

അവാര്‍ഡ് തുകയില്‍ നിന്നും 25,000 രൂപ സാമൂഹ്യ സുരക്ഷ മിഷന്‍റെ വി കെയര്‍ പദ്ധതിക്കാണ് നല്‍കിയത്. വി കെയര്‍ പദ്ധതിയ്ക്ക് കരുത്തേകാനാണ് തുക നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ഗുരുതര രോഗബാധിതരായവര്‍ക്കും ഭാരിച്ച ചികിത്സ ചെലവുകള്‍ ആവശ്യമായി വരുന്നവര്‍ക്കും സഹായം എത്തിക്കാനായാണ് സര്‍ക്കാര്‍ തന്നെ വി കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നത്. ജീവിത ദുരിതം അനുഭവിക്കുന്ന 800 ഓളം പേര്‍ക്കാണ് വി കെയര്‍ പദ്ധതിയിലൂടെ ആശ്വാസമായത്. 

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് മന്ത്രിക്ക് അവാര്‍ഡ് സമ്മാനിച്ചത്. വനിത കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ ഭര്‍ത്താവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന കമാലുദ്ദീന്റെ പേരില്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്.

Follow Us:
Download App:
  • android
  • ios