ഇടുക്കി: അതീവ ജാഗ്രതയില്‍ ഇടുക്കി മുമ്പോട്ട് പോകുമ്പോള്‍ ഉറങ്ങാതെ ഉണര്‍ന്നിരിക്കുകയാണ് നിരോധനാജ്ഞ നിലനില്‍ക്കുന്ന മൂന്നാറിലെ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും. കൃത്യ സമയത്ത് ഭക്ഷണവും വിശ്രമവും ഇല്ല ജോലിക്ക് സമയവും കാലവും ഇല്ല. കൊവിഡിനെ തുരത്താതെ വിശ്രമിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇവര്‍. 

ഇടുക്കി ജില്ലയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത് മൂന്നാറില്‍ താമസിച്ച ബ്രിട്ടീഷ് പൗരനായിരുന്നു. ഇതിന് ശേഷം ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും മൂന്നാറിലാണ്. അന്ന് മുതല്‍ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിലാണ് ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും. 

നിലവില്‍ മൂന്നാര്‍ അടക്കമുള്ള നാല് വില്ലേജുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ രാത്രികാലത്തുപോലും ഇവര്‍ മൂന്നാറില്‍ ഉണര്‍ന്നിരിക്കുകയാണ്. വിവിധ ഇടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് കര്‍ശനമായ പരിശോധനയും ഒരാള്‍ പോലും ആവശ്യമില്ലാതെ മൂന്നാറിലേക്ക് എത്തുന്നില്ലായെന്ന് ഉറപ്പുവരുത്തുകയുമാണ്. 

വിലക്കുകള്‍ ലംഘിച്ച് എത്തുന്നവരെ ബോധവല്‍ക്കരണം നടത്തി ഇവര്‍ പറഞ്ഞയക്കും. ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണനും, ഡിവൈ എസ്പി രമേഷ് കുമാറും അടക്കമുള്ളവര്‍ ഈ ഉദ്യോഗസ്ഥര്‍ക്കൊപ്പം തന്നെയുണ്ട്. ഇടുക്കിയേയും മൂന്നാറിനേയു സുരക്ഷിതമാക്കുന്നതിന്.