Asianet News MalayalamAsianet News Malayalam

ഗിന്നസ് റെക്കോര്‍ഡിനായി 'ഹാര്‍ട്ട്ബീറ്റ്‌സ്' ഒരുങ്ങുന്നു നവംബര്‍ 16-ന്

സി.പി.ആര്‍ അഥവാ കാര്‍ഡിയോ പള്‍മൊണറി റെസസിറ്റേഷനില്‍ പരമാവധി പേര്‍ക്ക് പരിശീലനം നല്‍കുകയാണ് ഹാര്‍ട്ട് ബീറ്റ്സിലൂടെ ജില്ലാ ഭരണകൂടവും ഐ,എം.എയും ലക്ഷ്യമിടുന്നത്... 

heart beats will conduct on nov 16 to get Guinness record
Author
Kochi, First Published Oct 13, 2019, 9:56 PM IST

കൊച്ചി: പെട്ടെന്നുള്ള ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണത്തിന്‍റെ തോത് കുറയ്ക്കാനുള്ള സവിശേഷ ദൗത്യവുമായി എറണാകുളം ജില്ലാ ഭരണകൂടവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ കൊച്ചി ചാപ്റ്ററും കൈകോര്‍ക്കുന്നു. ഏഞ്ചല്‍സ് ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹാര്‍ട്ട്ബീറ്റ്സ് എന്ന ബഹുജനപങ്കാളിത്തത്തോടെയുള്ള പരിശീലന പരിപാടി ഗിന്നസ് ബുക്കിലും ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സിലും സ്ഥാനം പിടിക്കുമെന്നാണ് വിലയിരുത്തല്‍. നവംബര്‍ 16-ന് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ഹാര്‍ട്ട് ബിറ്റ്സിന് അരങ്ങൊരുങ്ങുക.

അടിയന്തരഘട്ടങ്ങളില്‍ തലച്ചോറിലേയ്ക്കും ഹൃദയത്തിലേയ്ക്കുമുള്ള രക്തപ്രവാഹത്തെ നിലനിര്‍ത്തുന്നതിനു സഹായിക്കുന്ന ജീവന്‍രക്ഷാ മാര്‍ഗമായ സി.പി.ആര്‍ അഥവാ കാര്‍ഡിയോപള്‍മൊണറി റെസസിറ്റേഷനില്‍ പരമാവധി പേര്‍ക്ക് പരിശീലനം നല്‍കുകയാണ് ഹാര്‍ട്ട് ബീറ്റ്സിലൂടെ ജില്ലാ ഭരണകൂടവും ഐ,എം.എയും ലക്ഷ്യമിടുന്നത്. നെഞ്ചില്‍ തുടര്‍ച്ചയായി ശക്തിയായി അമര്‍ത്തിക്കൊണ്ടുള്ള കൈ കൊണ്ടുള്ള സി.പി.ആര്‍ അറിഞ്ഞിരുന്നാല്‍ പൊടുന്നനേയുള്ള ഹൃദയാഘാതം കൊണ്ടുള്ള മരണനിരക്ക് കുറക്കാനാകും. 

ലോകമെമ്പാടും 17 ദശലക്ഷം പേര്‍ ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ പ്രതിവര്‍ഷം മരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ത്തന്നെ 40-50 ശതമാനം മരണവും പെട്ടെന്നുള്ള ഹൃദയാഘാതം മൂലമുള്ളതുമാണ്. കൃത്യസമയത്തുള്ള ഇടപെടലുകള്‍ കൊണ്ട് ഇത്തരം മരണങ്ങളില്‍ ഏറെക്കുറെയും ഒഴിവാക്കാന്‍ കഴിയുന്നതാണ്.

2016 ഏപ്രില്‍ ഏഴിന് ചെന്നൈയില്‍ സവിത യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച പരിശീലന യത്‌നത്തില്‍ എട്ടു മണിക്കൂര്‍ എട്ടു മിനിറ്റില്‍ 28,015 പേര്‍ക്ക് സി.പി.ആര്‍ പരിശീലനം നല്‍കിയിരുന്നു. സി.പി.ആര്‍ സംബന്ധമായ അവബോധം ജനങ്ങളില്‍ വളര്‍ത്തുന്നതിനായി സംഘടിപ്പിച്ച ഈ പരിപാടി, ലോക ഹൃദയ ദിനത്തോടനുബന്ധിച്ചായിരുന്നു, സംഘടിപ്പിക്കപ്പെട്ടത്. നിലവില്‍ ഈയിനത്തിലുള്ള ലോക റെക്കോര്‍ഡ് സവിത യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ളതാണ്. എറണാകുളം ജില്ലാ ഭരണകൂടവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന പരിശീലന പരിപാടിയില്‍, സെക്കന്‍ഡറി - ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ നിന്നുമുള്ള 35000-ത്തില്‍പ്പരം വിദ്യാര്‍ഥികള്‍ക്കാണ് ഒരു ദിവസംകൊണ്ട് സി.പി.ആര്‍ പരിശീലനം നല്‍കുന്നത്. 

നവംബര്‍ 16-ന് രാവിലെ എട്ടിന് ആരംഭിക്കുന്ന പരിശീലന പ്രക്രിയ വൈകുന്നേരം ആറു വരെ നീണ്ടുനില്‍ക്കും. എറണാകുളം ജില്ലയില്‍ നിന്നുമുള്ള ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് പരിശീലന പരിപാടി. വിദ്യാര്‍ഥികളെ വിവിധ ബാച്ചുകളായി തിരിച്ച് പ്രത്യേകം സമയം വീതം ക്രമീകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് ബോര്‍ഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗത്തില്‍പ്പെടുന്ന സ്‌കൂളുകളെല്ലാം തന്നെ ഹാര്‍ട്ട്ബീറ്റ്‌സുമായി കൈകോര്‍ക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും പിന്തുണയോടെ സംഘടിപ്പിക്കപ്പെടുന്ന ''ഹാര്‍ട്ട്ബീറ്റ്‌സിന്'' അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍, സാങ്കേതിക സഹായം നല്‍കും.

ജില്ലാ കളക്ടര്‍ എസ്.സുഹാസ് ആണ് സംഘാടകസമിതി ചെയര്‍മാന്‍. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സലീന വി.ജി നായര്‍, ഡോ.ജുനൈദ് റഹ്മാന്‍,. ഡോ.പി.പി. വേണുഗോപാലന്‍, ഡോ.സച്ചിദാനന്ദ കമ്മത്ത് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും ഡോ.നജീബ് കെ ഹംസ ജനറല്‍ കണ്‍വീനറുമാണ്. 

ലോകറെക്കോര്‍ഡില്‍ പങ്കാളികളാകാന്‍ അവസരം

കൊച്ചി: സി.പി.ആര്‍ പരിശീലന പരിപാടിയില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ താത്പര്യപ്പെടുന്ന സ്‌കൂള്‍ അധികൃതര്‍ക്ക് ഐ.എം.എ കൊച്ചി ചാപ്റ്ററുമായി ബന്ധപ്പെടാം. തുടര്‍പരിശീലനത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബി.എല്‍.എസ്) ക്ലബുകള്‍ രൂപീകരിക്കാനും ഐ.എം.എ കൊച്ചി ലക്ഷ്യമിടുന്നുണ്ട്. പരിശീലന പരിപാടിയില്‍ പങ്കുചേരുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള ലഘുലേഖകളും അണിയറയില്‍ ഒരുങ്ങുകയാണ്. എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് 95620 29955, 82818 20216 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. വെബ്‌സൈറ്റ് : www.heartbeats2019.com

Follow Us:
Download App:
  • android
  • ios