Asianet News MalayalamAsianet News Malayalam

'ആവശ്യത്തിന് നഴ്സുമാരില്ല, ഹൃദയ ശസ്ത്രക്രിയ വൈകുന്നു'; എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി

ആവശ്യത്തിന് നഴ്സുമാരില്ലാത്തത് കൊണ്ടാണ് ശസ്ത്രക്രിയ വൈകിക്കുന്നത് എന്നാണ് ആരോപണം. ഇതോടെ മാസങ്ങളായി ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന രോഗികൾ ആശങ്കയിലാണ്.

Heart surgery delayed in ernakulam general hospital
Author
Kochi, First Published Aug 16, 2022, 9:55 AM IST

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്താൻ കാലതാമസമെന്ന് പരാതി. ആവശ്യത്തിന് നഴ്സുമാരില്ലാത്തത് കൊണ്ടാണ് ശസ്ത്രക്രിയ വൈകിക്കുന്നത് എന്നാണ് ആരോപണം. ഇതോടെ മാസങ്ങളായി ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന രോഗികൾ ആശങ്കയിലാണ്.

സർക്കാർ ആശുപത്രികളിൽ വിശ്വാസമർപ്പിച്ചാണ് ചെറായി സ്വദേശി ആന്‍റണി എറണാകുളം ജനറൽ ആശുപത്രിയിലെത്തിയത്. ആന്‍റണിയുടെ ഹൃദയത്തിലെ ബ്ലോക്ക് സങ്കീർണ അവസ്ഥയിലായതോടെ ശസ്ത്രക്രിയ അല്ലാതെ മറ്റ് വഴിയില്ല. മികച്ച ചികിത്സ സൗകര്യത്തിനൊപ്പം സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്താണ് കെട്ടിട നിർമ്മാണ തൊഴിലാളിയായ ആന്‍റണി മാർച്ചിൽഎറണാകുളം ജനറൽ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. എത്രയും വേഗം ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ അറിയിച്ചു. പക്ഷേ അന്ന് മുതൽ തുടങ്ങിയതാണ് കാത്തിരിപ്പ്. നിരവധി ബുക്കിംഗ് ഉള്ളതിനാൽ കുറഞ്ഞത് രണ്ട് മാസത്തെ സമയമെടുക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഏറ്റവും ഒടുവിൽ ജൂൺ ആദ്യവാരത്തിൽ ശസ്ത്രക്രിയ നടത്താമെന്ന് മെഡിക്കൽ സംഘം അറിയിച്ചെങ്കിലും തിയതി പിന്നെയും മാറ്റി വെച്ചുവെന്ന് ആന്‍റണി പറയുന്നു. ആവശ്യത്തിന് നഴ്സുമാരില്ലാത്തതാണ് പ്രതിസന്ധിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ശസ്ത്രക്രിയയുടെ തിയതി നീണ്ട് പോയതോടെ കുടുംബത്തിന് ആധിയാണ്. സാമ്പത്തിക ബാധ്യതയെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറുന്നതിനെ പറ്റി ആലോചിക്കാതെ വഴിയില്ലെന്നായി എന്ന് ആന്‍റണിയുടെ കുടുംബം പറയുന്നു. ജില്ലാ തല ജനറൽ ആശുപത്രികളിൽ ഈ സൗകര്യം എത്തിയ ആദ്യ ആശുപത്രിയാണ് എറണാകുളത്തേത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഉദ്ഘാടനം. നിലവിൽ ഒരു ഡോക്ടറാണ് ഈ വിഭാഗത്തിൽ ഉള്ളത്. നഴ്സുമാരെ പി എസ് സി വഴിയല്ലാതെ സൂപ്പർ സ്പെഷ്യാലിറ്റി പ്രത്യേക വിഭാഗത്തിലേക്ക് പ്രവൃത്തി പരിചയം അനുസരിച്ചാണ് നിയമിച്ചത്. ദിവസം ഒരൊറ്റ ശസ്ത്രക്രിയ മാത്രമെ ചെയ്യാൻ കഴിയൂ എന്നത് കൊണ്ടാണ് കാലതാമസമെന്നാണ് നഴ്സിംഗ് സംഘടന പ്രതിനിധികൾ വിശദീകരിക്കുന്നത്.

Follow Us:
Download App:
  • android
  • ios