എറണാകുളം ലിസി ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്ന് പുലർച്ചെയോടെ പൂർത്തിയായി. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ബിൽജിത്തിന്‍റെ മറ്റ് അവയവങ്ങളും ദാനം ചെയ്തിട്ടുണ്ട്.

കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിന്‍റെ ഹൃദയം ഇനി കൊല്ലം അഞ്ചൽ സ്വദേശിയായ പതിമൂന്നുകാരി ആവണിയിൽ മിടിക്കും. എറണാകുളം ലിസി ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്ന് പുലർച്ചെയോടെ പൂർത്തിയായി. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ബിൽജിത്തിന്‍റെ മറ്റ് അവയവങ്ങളും ദാനം ചെയ്തിട്ടുണ്ട്. കൊല്ലം അഞ്ചൽ സ്വദേശിയായ പതിമൂന്നുകാരിക്ക് ഹൃദയം ചുരുങ്ങുന്ന കാർഡിയാക് മയോപ്പതി എന്ന അസുഖം സ്ഥിരീകരിച്ചത് പത്താം വയസിലാണ്. മത്സ്യവ്യാപാരിയായ അച്ഛന് താങ്ങാനാകുന്നതായിരുന്നില്ല ചികിത്സ. 

നാട്ടുകാരുടെ സഹായത്തോടെ ചികിത്സ മുന്നോട്ടുപോകുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ ആ ഫോൺ കോൾ എത്തിയത്. കുട്ടിയുടെ ബ്ലഡ് ഗ്രൂപ്പുമായി യോജിക്കുന്ന ഹൃദയം തയ്യാറാണ്. ഉടൻ ലിസി ആശുപത്രിയിലെത്തണം. അങ്ങനെ വന്ദേഭാരത് എക്സ്പ്രസിൽ കൊച്ചിക്ക്. തുടർന്ന് പരിശോധനകൾ ആരംഭിച്ചു. റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച, അങ്കമാലി സ്വദേശി ബിൽജിത്തിന്‍റെ ഹൃദയമാണ് 13കാരിക്കു വേണ്ടി കണ്ടെത്തിയത്. 

മണിക്കൂറുകൾ നീണ്ട പരിശോധനകള്‍ക്കൊടുവിൽ ഹൃദയം ഏറ്റുവാങ്ങാന്‍ പെൺകുട്ടിയുടെ ശരീരം സജ്ജമാണെന്ന് ഉറപ്പാക്കിയതോടെ ഡോക്ടർമാരുടെ സംഘം അങ്കമാലിയിലേക്ക്. ബിൽജിത്തിന്റെ ശരീരത്തിലും അവസാനവട്ട പരിശോധനകൾ. രാത്രി 12.45ഓടെ ബിൽജിത്തിന്‍റെ ഹൃദയവുമായി കൊച്ചിയിലേക്ക്. 1.25 ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചു. 3.30ന് ഹൃദയം കുട്ടിയിൽ സ്പന്ദിച്ച് തുടങ്ങി. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. ബിൽജിത്തിന്‍റെ ഹൃദയം 13കാരിയിൽ മിടിച്ചു തുടങ്ങിയപ്പോൾ വൃക്കകളും കണ്ണുകളും കരളും ചെറുകുടലും മറ്റ് ആറ് പേർക്ക് പുതിയ ജീവിതത്തിലേക്ക് വഴി തുറന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming