കോഴിക്കോട്: കോഴിക്കോട് ഗോതീശ്വരത്ത് കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് 17 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വ്യാഴാഴ്ച മുതലാണ് ഈ മേഖലയില്‍ കടല്‍ക്ഷോഭം തുടങ്ങിയത്. ബേപ്പൂരിൽ നിന്നും 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

പ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ ക്യാമ്പുകളിലായിരുന്നു ഇവരില്‍ പലരും. മഴ കുറഞ്ഞപ്പോള്‍ വീണ്ടും വീട്ടിലേക്ക് താമസം മാറുകയായിരുന്നു. അതിനിടെയാണ് വീണ്ടും ദുരിതം ഉണ്ടായിരിക്കുന്നത്. കടല്‍വെള്ളം വീടുകളിലേക്ക് ആഞ്ഞടിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഗോതീശ്വരത്തുള്ളത്.

കടല്‍ ഭിത്തികൾ പലയിടത്തും തകര്‍ന്ന നിലയിലാണ്. തീരം ഇടിഞ്ഞത് നിരവധി വീടുകള്‍ക്ക് ഭീഷണിയായിട്ടുണ്ട്. കല്ലുകള്‍ ചാക്കില്‍ കെട്ടി തീരം ഇടിയുന്നത് തടയാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍.