വെള്ളക്കെട്ട് മുതലെടുത്ത് സ്വകാര്യ വാഹനങ്ങള്‍ അമിതകൂലി ഈടാക്കുന്നു
ആലപ്പുഴ: ആലപ്പുഴയില്‍ നിന്നും ചങ്ങനാശേരിയില്‍ നിന്നും ബസില്‍ എത്തുന്നവര്‍ക്ക് എസി റോഡിന്റെ നാലര കിലോമീറ്റര്‍ ഭാഗം കടക്കാന്‍ വള്ളവും ട്രാക്ടറും ആശ്രയിക്കണം .ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍തുടര്‍ച്ചയായ പതിനാലാം ദിവസവും ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിച്ചില്ല. നസ്രത്ത്, നെടുമുടി, മങ്കൊമ്പ് പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.12 ദിവസമായിട്ടും എസി റോഡില്‍ പൂര്‍ണ്ണമായി ബസ് സര്‍വ്വീസ് നടന്നില്ല.
വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ചങ്ങനാശേരിയില്‍ നിന്ന് പളളിക്കൂട്ടുമ്മ വരെ എസി റോഡില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ആലപ്പുഴയില്‍ നിന്ന് പണ്ടാരക്കുളം വരെ എസി റോഡില്‍ സര്‍വ്വീസ് ആരംഭിച്ചതും കുട്ടനാട്ടുകാര്‍ക്ക് ഒരു പരിധി വരെ ആശ്വാസമായി. എസി റോഡിലെ വെള്ളക്കെട്ട് മുതലെടുത്ത് സ്വകാര്യ വാഹനങ്ങള്‍ അമിതകൂലി ഈടാക്കുന്നുണ്ട്. ചമ്പക്കുളം കൃഷിഭവന്‍ പരിധിയിലെ മൂലം, പൊങ്ങമ്പ്ര, നാട്ടയം എന്നീ പാടശേഖരങ്ങള്‍ കവിഞ്ഞ് വെള്ളം കിടക്കുന്നതാണ് എസി റോഡില്‍ മങ്കൊമ്പ്, നെടുമുടി ഭാഗത്ത് വെള്ളക്കെട്ട് മാറാത്തതിനു കാരണം.
ഈ ഭാഗങ്ങളിലെ മടകുത്തി വെള്ളം വറ്റിച്ചാലേ എസി റോഡ് പൂര്‍ണ്ണമായും ഗതാഗതത്തിന് തുറക്കാന്‍ സാധിക്കു.24.2 കിലോമീറ്റര്‍ വരുന്ന ചങ്ങനാശേരി ആലപ്പുഴ റോഡില്‍ 4 കിലോമീറ്റര്‍ ഇപ്പോഴും വെള്ളത്തിലാണ്. എസി റോഡിലെ മുട്ടറ്റത്തിന് മുകളിലുള്ള വെള്ളകെട്ടിലൂടെ നടന്നു നീങ്ങുന്നവരുടെ വസ്ത്രങ്ങള്‍ നനയുന്ന സ്ഥിതിയാണ്. വെള്ളക്കെട്ടില്‍ വീണ് ഇരുചക്രവാഹനം ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തു.
