ആലപ്പുഴ: ശക്തമായ കാറ്റ് കുട്ടനാട്ടില്‍ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടാക്കിയത്. പ്രധാനമായും എടത്വ, മുട്ടാര്‍ നീലംപേരൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഒരു വീട് പൂര്‍ണ്ണമായും ആറ് വീടുകള്‍ ഭാഗീകമായും തകര്‍ന്നുവെന്നാണ് റവന്യു അധികൃതര്‍ പറയുന്നത്. തലനാരിഴക്കാണ് ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. തലവടി പഞ്ചായത്ത് മുണ്ടുകാട്ട് സുകുമാരന്‍ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. 

വെളുത്തേടത്ത് ശോഭയുടെ വീടിന് മുകളിലേക്ക് മഞ്ചാടി മരവും തൊണ്ടപറമ്പില്‍ പൊന്നമ്മ ഗോപിനാഥിന്‍റെ വീടിന് മുകളിലേക്ക് അടയ്ക്കാമരവും മറിഞ്ഞുവീണു. ചക്കുളത്തുകാവ് കുതിരച്ചാല്‍ കോളനിയില്‍ വീടിനു മുകളിലേക്ക് മരം വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിമുക്ക് സെന്‍റ് ജോസഫ് പള്ളിയുടെ വികാരി താമസിക്കുന്ന കെട്ടിടത്തിന്‍റെ ഷീറ്റുകള്‍ പറന്നുപോയി. സമീപത്തെ പള്ളിയുടെ ഓഡിറ്റോറിയത്തിന്‍റെ ഷീറ്റും നെല്ലിക്കല്‍ ആന്‍റണി മാത്യുവിന്‍റെ വീടിന്‍റെ ഷീറ്റുകളും പറന്ന് നെല്ലിക്കല്‍ മാര്‍ട്ടിന്‍റെ വീടിന് പുറത്തുവീണ് വസതിക്ക് കേടുപാടുകള്‍ സംഭവിച്ചു. 

കന്നയില്‍ ജിമ്മിച്ചന്‍റെ വീടിന് മുകളിലേക്ക് പുളിമരം, മാവ്, പൂവരശ് എന്നിവ വീണാണ് വീട് തകര്‍ന്നത്. കന്നയില്‍ ജയിംസിന്‍റെ വീടിന് മുകളിലും മരങ്ങള്‍ വീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു. മരം വീണ് കന്നയില്‍ ആന്‍റണിയുടെ വീടും കാലിതൊഴുത്തും തകര്‍ന്നു. വീട് മുക്കാല്‍ ഭാഗവും പശുതൊഴുത്ത് പൂര്‍ണ്ണമായും തകര്‍ന്നു. പ്ലാവ് വീടീന്‍റെ മുകളില്‍ വീണതിനെ തുടര്‍ന്ന് പൂവത്തകുന്നേല്‍ പി സി ജോസഫിന്‍റെ  വീടും തകര്‍ന്നു. കറുകയില്‍ മോന്‍സി, കുന്നേല്‍ ഔസേപ്പച്ചന്‍ എന്നിവരുടെ വീടുകളും മരം വീണ് തകര്‍ന്നു. 

മാവ് വീണതിനെ തുടര്‍ന്ന് തെക്കേപേരങ്ങാട് ഔസേപ്പച്ചന്‍റെ വീട് ഭാഗികമായി തകര്‍ന്നു. പൊലീസും ഫയര്‍ഫോഴ്‌സും റവന്യു അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. വീടിന് മുകളിലേക്ക് വീണ മരങ്ങള്‍ വെട്ടിമാറ്റികൊണ്ടിരിക്കുകയാണ്.