കഴിഞ്ഞ നാല് ദിവസമായി പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെയാണ് ഇവർ കഴിയുന്നത്...

മലപ്പുറം: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ പെയ്തതോടെ ചാലിയാറിൽ ജലിവിതാനം ഉയർന്നു. മുണ്ടേരി വനത്തിലെ കോളനികൾ ഒറ്റപ്പെട്ടു. തരിപ്പപൊട്ടി, കുമ്പളപ്പറ, ഇരുട്ട്കുത്തി, വാണിയമ്പുഴ കോളനികളിലെ മുന്നോറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. കഴിഞ്ഞ നാല് ദിവസമായി പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെയാണ് ഇവർ കഴിയുന്നത്. 

കോളനികളിലേക്ക് ഭക്ഷ്യ വസ്തുക്കളടക്കമുള്ള അവശ്യ സാധനങ്ങൾ എത്തിക്കാനും പ്രയാസപ്പെടുകയാണ്. അവശേഷിക്കുന്ന ഭക്ഷണ സാമാഗ്രികൾ കഴിഞ്ഞാൽ ഇനി എന്തുചെയ്യുമെന്ന ആശങ്കയിലാണ് കോളനി നിവാസികൾ. മുണ്ടേരി ഭാഗങ്ങളിൽ ചാലിയാർ പുഴയിലെ മലവെള്ള പാച്ചിൽ ശക്തമാണ്. ബദൽ സ്‌കൂൾ മുടങ്ങിയിട്ട് നാളുകൾ ഏറെയായി. മഴ കനക്കുന്നതോടെ കോളനികൾ തീർത്തും ഒറ്റപ്പെടാനുള്ള സാധ്യതയേറെയാണ്.