മലപ്പുറം: കനത്ത മഴയിലും കാറ്റിലും മലപ്പുറം ജില്ലയുടെ പലഭാഗത്തും കനത്ത നാശനഷ്ടം. കൊളത്തൂർ, പുലാമന്തോൾ,പാങ്ങ്, മൂർക്കനാട് പുഴക്കാട്ടിരി തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കൊപ്പം ഉണ്ടായ അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും പൊട്ടിവീണുമാണ് നാശമുണ്ടായത്. കൊളത്തൂർ വൈദ്യുതി സെക്ഷൻ പരിധിയിൽ മരങ്ങൾ വീണ് മുപ്പതോളം വൈദ്യുതി കാലുകൾ തകർന്നു. 

പല സ്ഥലത്തും ലൈൻ കമ്പികൾ പൊട്ടിവീണു. പതിനാറ് മണിക്കൂറോളം വൈദ്യുതി നിലച്ചത് ജനത്തെ ദുരിതത്തിലാക്കി. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ മണ്ണുംകുളത്ത് വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. വെങ്ങാട്- ചെമ്മലശ്ശേരി  റോഡിൽ പുന്നക്കാട്  വള്ളിയൻകുഴി ഇറക്കത്തിൽ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. 

മൂർക്കനാട് പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ ഇവിടെ കാലവർഷം കനക്കുന്നതോടെ കല്ലുകളും മണ്ണും അടർന്ന് വീണു. പുലാമന്തോളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകകൃഷിനാശമുണ്ടായി. പാടശേഖരങ്ങളിലെ വാഴ -കപ്പ തുടങ്ങിയ  കാർഷികവിളകൾ ഒടിഞ്ഞുവീണ് നശിച്ചു.

പരപ്പനങ്ങാടിയിൽ തെങ്ങുകളും മരങ്ങളും വീണ് വൈദുതി തൂണുകളും ഇലക്ട്രിക് ലൈനുകളും തകർന്നു. താനൂരിലെ ഉണ്ണിയാൽ-തിരൂർ റോഡിൽ പുന്നക്കലിൽ പുലർച്ചെ വീശിയ കാറ്റിൽ തെങ്ങ് കടപുഴകി റോഡിലുള്ള ഇലക്ട്രിക് ലൈനിലേക്ക് വീണു. വൈദ്യുതി ബന്ധം തകരാറിലാകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.  

മമ്പാട് പഞ്ചായത്തിൽ കനത്ത  വടപുറം ഭാഗത്ത് മഴയിലും കാറ്റിലും വ്യാപക നാശം സംഭവിച്ചു. എട്ട് വീടുകൾ വീടുകൾ ഭാഗികമായി തകർന്നു. കൂടാതെ വ്യാപക കൃഷി നാശവും സംഭവിച്ചു. നിരവധി വൈദ്യുതി തൂണുകൾ തകർന്നതിനാൽ  വടപുറം മേഖലയില്‍ പൂർണ്ണമായും വൈദ്യുതി നിലച്ചു.