മലപ്പുറം: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുങ്ങി നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളും. റോഡും കടകളും വീടുകളും വെള്ളത്തില്‍ മുങ്ങിയതോടെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിത്തുടങ്ങി. നിലമ്പൂര്‍ ടൗണിലെ പ്രധാന റോഡില്‍ ഒരാള്‍പ്പൊക്കത്തില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളും  ഭാഗീകമായി മുങ്ങി.

ബുധനാഴ്ച രാത്രിമുതല്‍ നിലമ്പൂരിലും സമീപപ്രദേശങ്ങളിലും ശക്തമായ  മഴ തുടരുകയാണ്. കനത്തമഴയില്‍  വനമേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി മലയിടിച്ചിലും വനത്തിലെ കനത്തമഴയുമാണ് വെള്ളപ്പൊക്കത്തിന് കാരണം. ഓരോനിമിഷവും ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും പലയിടങ്ങളില്‍നിന്നും ജനങ്ങള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക്  മാറാന്‍ വിസമ്മതിക്കുന്നതായാണ് വിവരം. വെള്ളമിറങ്ങുമെന്ന പ്രതീക്ഷയില്‍ പലരും വീടുകളുടെ രണ്ടാംനിലയില്‍ കഴിയുകയാണ്. ഇവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക്  മാറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.