'ഹൈറേഞ്ച് മേഖലയിലെ മണ്ണിന് കനം കൂടുതലാണ്. മഴ ശക്തമാകുന്നതോടെ മണ്ണിന് വീണ്ടും കനം കൂടുകയും അത് മണ്ണിടിച്ചലിന് കാരണമാകുകയും ചെയ്യുന്നു. ഇതാണ് പെട്ടിമുടിയില്‍ സംഭവിച്ചത്'.

മൂന്നാര്‍: മഴ ശക്തമായാല്‍ മണ്ണിടിച്ചില്‍ സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഇടുക്കി ജില്ല മുന്‍ ജിയോളജിസ്റ്റ് ബി അജയകുമാര്‍. ഇരുപത്തിനാല് മണിക്കൂറില്‍ പെയ്യേണ്ട മഴ മണിക്കൂറുകള്‍ക്കുള്ളില്‍ മലനിരകളില്‍ പെയ്തിറങ്ങിയതാണ് പെട്ടിമുടി ദുരന്തത്തിന് കാരണമായത് എന്നും അദേഹം പറഞ്ഞു. 

ഹൈറേഞ്ച് മേഖലയിലെ മണ്ണിന് കനം കൂടുതലാണ്. മഴ ശക്തമാകുന്നതോടെ മണ്ണിന് വീണ്ടും കനം കൂടുകയും അത് മണ്ണിടിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. ഇതാണ് പെട്ടിമുടിയില്‍ സംഭവിച്ചത്. മൂന്നാറിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് ഇത്തരം പ്രതിഭാസങ്ങള്‍ക്ക് കാരണമെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ പെട്ടിമുടി ദുരന്തത്തിന് കാരണമായിട്ടില്ല. മലയോര മേഖലയില്‍ മഴ ശക്തമായാല്‍ ഇത്തരം മണ്ണിടിച്ചിലുകള്‍ വീണ്ടുമുണ്ടാകാനുള്ള സാധ്യത തള്ളികളാന്‍ കഴിയില്ല. ഇടുക്കി ജില്ല മലയോരമേഖലയാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രതിഭാസങ്ങള്‍ ജില്ലയിലുടനീളമുണ്ട്. ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചിലിന് കാരണം അനധികൃതമായുള്ള മണ്ണെടുപ്പാണ്. സംഭവത്തില്‍ അന്നത്തെ ദേവികുളം സബ് കളക്ടര്‍ രേണുരാജിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. തുടര്‍ന്നാണ് അവര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നത് സംബന്ധിച്ച് സര്‍ക്കാരിനെ സമീപിച്ചത് എന്നും ബി അജയകുമാര്‍ വ്യക്തമാക്കി. 

ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടിയിലെ തെരച്ചിൽ പതിനൊന്നാം ദിവസമായ ഇന്നും തുടരുകയാണ്. 180 പേരുടെ സംഘമാണ് ഇന്ന് തെരച്ചിലിന് ഇറങ്ങിയത്. പെട്ടിമുടിയിൽ നിന്ന് ആറ് കിലോമീറ്റർ മാറി കന്നിയാറിലാണ് തെരച്ചിൽ. 12 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 58 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. അവസാനയാളെയും കണ്ടെത്തുംവരെ തെരച്ചിൽ തുടരാനാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം. അതേസമയം അപകടമുണ്ടായി 11 ദിവസം കഴിഞ്ഞിട്ടും രക്ഷപ്പെട്ടവരുടെ പുനരധിവാസം നടപ്പായില്ല. പകുതിപേരും ഇപ്പോഴും ബന്ധുവീടുകളിൽ കഴിയുകയാണ്.