വീടിലെ ടോയ്ലറ്റിലായിരുന്ന റോബിന്‍സണ്‍ പുറത്തേക്കിറങ്ങുന്ന സമയത്തായിരുന്നു ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള വീടിന്റെ ഭാഗം ഉഗ്രശബ്ദത്തോടെ നിലംപതിച്ചത്.  

തിരുവനന്തപുരം: ശക്തമായ മഴയില്‍ സി പി എം പ്രവര്‍ത്തകനും പാര്‍ട്ടിയുടെ മുന്‍ തെരുവുനാടക കലാകാരനുമായ വയോധികന്റെ വീട് ഇടിഞ്ഞുവീണു; ഒഴിവായത് വന്‍ദുരന്തം. കുന്നത്തുകാല്‍ തച്ചന്‍കോട് മേക്കുംകരവീട്ടില്‍ റോബിന്‍സ(79)ന്റെ വീടിന്റെ ഒരു ഭാഗമാണ് കഴിഞ്ഞദിവസം രാവിലെ പെയ്ത കനത്ത മഴയില്‍ ഇടിഞ്ഞുവീണത്. വീടിലെ ടോയ്ലറ്റിലായിരുന്ന റോബിന്‍സണ്‍ പുറത്തേക്കിറങ്ങുന്ന സമയത്തായിരുന്നു ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള വീടിന്റെ ഭാഗം ഉഗ്രശബ്ദത്തോടെ നിലംപതിച്ചത്. 

മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. റോബിന്‍സനെക്കൂടാതെ ഭാര്യ ലില്ലി (72), മകന്‍ മനോജ് (41) എന്നിവരാണ് വീട്ടില്‍ താമസിച്ചിരുന്നത്. 45 വര്‍ഷത്തിലധികം പഴക്കമുള്ള മണ്‍കട്ടകൊണ്ടു നിര്‍മിച്ച വീട് ശോച്യാവസ്ഥയിലാണെന്നും പുതിയ വീടിന് ധനസഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് വില്ലേജ് ഓഫിസര്‍ക്കും പഞ്ചായത്തിലും നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് റോബിന്‍സണ്‍ പറയുന്നു. എല്‍.ഡി.എഫ് സംഘടിപ്പിച്ച നവകേരളസദസ്സില്‍ നല്‍കിയ അപേക്ഷയില്‍പോലും ഒരന്വേഷണവും ഉണ്ടായില്ലത്രെ.

വീട് ഇടിഞ്ഞുവീണ വിവരം സ്ഥലം എം.എല്‍.എയെയും പാര്‍ട്ടിയുടെ നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെയും ജില്ല കലക്ടറെയും വിളിച്ചറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് റോബിന്‍സണ്‍ പറഞ്ഞു. ഭാര്യയുടെ കൈവശം ആകെയുള്ള ചെറിയ ചെയിന്‍ പണയംവെച്ച് 20,000 രൂപ കണ്ടെത്തി കാറ്റാടിക്കമ്പുകളും ടാര്‍പ്പയും ഉപയോഗിച്ച് താല്‍ക്കാലിക ഷെഡ് നിര്‍മിച്ച് താമസിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

'സർക്കാർ ഉദ്യോ​ഗസ്ഥരെ ബലിയാടാക്കി, ആഭ്യന്തര വകുപ്പറിയാതെ ഉദ്യോ​ഗസ്ഥർക്ക് ഇതൊന്നും ചെയ്യാനാവില്ല': കെകെ രമ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം