Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയില്‍ നാളെ മുതല്‍ നാലു ദിവസം യെല്ലോ അലര്‍ട്ട്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

heavy rain yellow alert n kozhikode
Author
Kozhikode, First Published May 29, 2020, 6:12 PM IST

കോഴിക്കോട്: കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മെയ് 30, 31, ജൂണ്‍ 1, 2 തിയ്യതികളില്‍  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട്  പ്രഖ്യാപിച്ചു. ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 2018, 2019 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും 'ഓറഞ്ച് ബുക്ക് 2020'ല്‍ വള്‍നറബിള്‍ ഗ്രൂപ്പില്‍ പെടുത്തിയവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുണം. 

മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കുവാന്‍  തയ്യാറാവമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018 ലും 2019 ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി പൂര്‍ണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂര്‍ത്തീകരിക്കാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രളയത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും അറ്റകുറ്റപ്പണികള്‍ ഇത് വരെ നടത്തിത്തീര്‍ക്കാത്തതുമായ വീടുകളില്‍ താമസിക്കുന്നവരും ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം.  

എമെര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍

 -അത്യാവശ്യം വേണ്ട മരുന്ന്
-മുറിവിന് പുരട്ടാവുന്ന മരുന്ന്
-ടോര്‍ച്ച്
-റേഡിയോ
-500 ml വെള്ളം
-ORS പാക്കറ്റ്
-ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍ -
- ചീത്തയാവാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷണം ( ഉദാ: കപ്പലണ്ടി, ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം
-ചെറിയ ഒരു കത്തി
-10 ക്ലോറിന് ടാബ്ലെറ്റ്
-ഒരു ബാറ്ററി/പവര്‍ ബാങ്ക് അല്ലെങ്കില് ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി
-ബാറ്ററിയും, കോള്‍ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല് ഫോണ്
-അത്യാവശ്യം കുറച്ച് പണം,
-ATM, പ്രധാനപ്പെട്ട രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍.
തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടില്‍ സൂക്ഷിക്കുക.

എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടില്‍ എല്ലാവര്‍ക്കും എടുക്കാന്‍ പറ്റുന്ന തരത്തില്‍ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തില്‍ ആരെയും കാത്ത് നില്‍ക്കാതെ എമെര്‍ജന്‍സി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.

അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ പാലിക്കേണ്ട പൊതു നിര്‍ദേശങ്ങള്‍

-ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
-മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാനന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങളള്‍  നിര്‍ത്തരുത്.
-മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
-ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്.
-പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കലും കാഴ്ച കാണലും കൂട്ടം കൂടലും ഒഴിവാക്കുക.
-പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
- ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്കുക.
-ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.
 
ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതാതു പ്രാദേശിക ഭരണകൂടങ്ങള്‍ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാന്‍ ശ്രമിക്കുക. സഹായങ്ങള്‍ വേണ്ടവര്‍ അധികൃതരുമായി ബന്ധപ്പെടുക. -ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios