തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിൻ്റെ വാഹനത്തിരക്കുകൂടിയായതാേടെ ദേശീയപാത അക്ഷരാർത്ഥത്തിൽ ദുരിതപാതയായി. ഇന്നും ദേശീയപാതയിൽ കുരുക്ക് തന്നെയാണ്.
തൃശൂർ: ആമ്പല്ലൂർ, പുതുക്കാട് ജങ്ഷനുകളിലും പാലിയേക്കര ടോൾപ്ലാസയിലും വാഹനങ്ങളുടെ നീണ്ട നിര. രണ്ടര കിലോമീറ്റർ ദൂരത്തോളം വാഹന നിര നീണ്ടു. ദേശീയപാതയിൽ നടക്കുന്ന അടിപ്പാത നിർമ്മാണങ്ങളാണ് ഗതാഗതക്കുരുക്ക് ഇത്ര രൂക്ഷമാക്കുന്നത്. അവധി ദിനമായ ഇന്നലെ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിൻ്റെ വാഹനത്തിരക്കുകൂടിയായതാേടെ ദേശീയപാത അക്ഷരാർത്ഥത്തിൽ ദുരിതപാതയായി. ഇന്നും ദേശീയപാതയിൽ കുരുക്ക് തന്നെയാണ്.
ഉച്ചമുതൽ ആമ്പല്ലൂർ ജങ്ഷനിലും പുതുക്കാട് സെൻ്ററിലും വാഹനങ്ങളുടെ നീണ്ടനിരയുണ്ടായി. ആമ്പല്ലൂർ സിഗ്നലിൽ നിന്ന് ദേശീയപാതയിലും സർവീസ് റോഡിലും രൂപപ്പെട്ട വരി പുതുക്കാട് സെൻ്റർ വരെയും പുതുക്കാട്ടെ വരി നന്തിക്കര വരെയും നീണ്ടു. ദേശീയപാതയിൽ വാഹനങ്ങൾ നിറഞ്ഞതോടെ തിരക്കൊഴിവാക്കി വന്ന വാഹനങ്ങൾ കൊണ്ട് പ്രാദേശിക റോഡുകളിലും നിറഞ്ഞു.
അടിപ്പാതയുടെ പണി പൂർത്തിയായി വരുന്ന ആമ്പല്ലൂരിൽ ആസൂത്രിതമായി ബദൽ സംവിധാനമൊരുക്കാൻ ഇപ്പോഴും അധികൃതർ തയ്യാറായിട്ടില്ല. ടോൾ പിരിവ് നിർത്തി വെച്ച് അടിപ്പാതയുടെ പണി പൂർത്തിയാക്കാൻ കളക്ടറുടെ ഉത്തരവും, ഹൈക്കോടതിയുടെ നിർദേശവും ഉണ്ടെങ്കിലും ദുരിതം ഇപ്പോഴും യാത്രക്കാർ അനുഭവിക്കുകയാണ്. നിർമാണ കമ്പനിയും എൻ.എച്ച്.ഐ.എ-യും ടോൾപ്ലാസ അധികൃതരും ദേശീയപാതയിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ വേണ്ടവിധം ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.


