താമരശ്ശേരി ചുരത്തിലൂടെയുള്ള ഹെവി വെഹിക്കിൾ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു. നേരത്തെ വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെയായിരുന്നു വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം

കല്‍പ്പറ്റ: മഴ ശക്തമായതോടെ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കുന്നു. താമരശ്ശേരി ചുരത്തിലൂടെയുള്ള ഹെവി വെഹിക്കിൾ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു. നേരത്തെ വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെയായിരുന്നു വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം. രാത്രി 12 മുതല്‍ രാവിലെ ആറുവരെ ചുരത്തിലൂടെയുള്ള വാഹന ഗതാഗതത്തിന് ഇന്നലെ നിര്‍ത്തിയിരുന്നു.

കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ ഡി ടി പി സി സഞ്ചാരികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. അരിപ്പാറ, തുഷാരഗിരി, സരോവരം എന്നിവിടങ്ങളിൽ സന്ദർശകരെ അനുവദിക്കില്ല. കോഴിക്കോട്, ബേപ്പൂർ, വടകര ബീച്ചുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 19 പേര്‍ മരിച്ചെന്നാണ് കണക്കുകള്‍. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നും (വെള്ളിയാഴ്ച) അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണത്തിന്‍റെ അറിയിപ്പ്.