Asianet News MalayalamAsianet News Malayalam

താമരശ്ശേരി ചുരത്തിൽ ഹെവി വെഹിക്കിൾ ഗതാഗതം പൂർണമായും നിരോധിച്ചു

 ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇന്നലെയും ഇന്നുമായി പത്തു വീടുകൾ പൂർണമായും 369 വീടുകൾ ഭാഗികമായും തകർന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

heavy vehicles banned in Thamarassery Churam
Author
Kozhikode, First Published Aug 9, 2019, 11:15 PM IST

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഹെവി വെഹിക്കിൾ ഗതാഗതം പൂർണമായും നിരോധിച്ചു. രാത്രി 12 മുതൽ രാവിലെ ആറുവരെ വാഹനഗതാഗതം അനുവദിക്കില്ല. ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇന്നലെയും ഇന്നുമായി പത്തു വീടുകൾ പൂർണമായും 369 വീടുകൾ ഭാഗികമായും തകർന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോഴിക്കോട് താലൂക്കിൽ രണ്ട് വീടുകൾ പൂർണമായും 86 വീടുകൾ ഭാഗികമായും തകർന്നു. വടകരയിൽ നാല് വീടുകൾ പൂർണമായും 105 വീടുകൾ ഭാഗികമായും തകർന്നു. കൊയിലാണ്ടിയിൽ ഒരു വീട് പൂർണമായും 103 വീടുകൾ ഭാഗികമായും തകർന്നു. താമരശ്ശേരിയിൽ മൂന്നു വീടുകൾ പൂർണമായും 75 വീടുകൾ ഭാഗികമായും തകർന്നു. മരുതിലാവിലെ കുടുംബങ്ങളെ  മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

മരുതിലാവില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ്‌റഫീഖിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘവും 30 അംഗ സൈന്യവും നാട്ടുകാരും ചേര്‍ന്നാണ് ഇവിടെനിന്ന് 5 കുടുംബങ്ങളെ എംഇഎസ് ഫാത്തിമറഹിം സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് മരുതിലാവില്‍ ഉരുള്‍പൊട്ടലുണ്ടായത്.  

വെള്ളിയാഴ്ച രാവിലെ ഒമ്പതര മുതല്‍ അഞ്ചംഗ റവന്യു സംഘവും സൈന്യവും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഉച്ചക്ക് ശേഷം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിക്കാനായത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇവിടേക്കുള്ള റോഡും വഴിയും തകര്‍ന്നിരുന്നു. ഏറെ സമയത്തെ പ്രയത്‌നം കൊണ്ട് വൈകിട്ട് ആറോടെയാണ് റോഡ് നടക്കാന്‍ പാകത്തിലാക്കിയത്. ഈ ഭാഗത്തെ പുഴയുടെ ഒഴുക്കും സ്വാഭാവിക രീതിയിലാക്കി. വൈകിട്ട് അഞ്ച് മണിയോടെ സബ് കളക്ടര്‍ വി. വിഘ്‌നേശ്വരിയും സ്ഥലത്തെത്തിയിരുന്നു. 

ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനായി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും ഫയര്‍ ഫോഴ്‌സും എത്തിയപ്പോഴായിരുന്നു ഉരുള്‍പൊട്ടല്‍. ശബ്ദം കേട്ട് ഓടിമാറിയതു കൊണ്ടാണ് സംഘം രക്ഷപ്പെട്ടത്.

Follow Us:
Download App:
  • android
  • ios