കോഴിക്കോട്: മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മാലിന്യക്കൂമ്പാരമായി കോഴിക്കോട്ടെ സെന്‍ട്രൽ മാ‍ർക്കറ്റ്. കോടികള്‍ മുടക്കി നിര്‍മ്മിച്ച പ്ലാന്റ് സന്നദ്ധ സംഘടനയെ ഏല്‍പ്പിച്ച് കൈകഴുകിയ കോര്‍പറേഷന്‍ പ്രശ്നം പരിഹരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.

നൂറുകണക്കിനാളുകൾ ഇറച്ചിയും മീനും വാങ്ങാനെത്തുന്ന ആയിരത്തിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന പ്രദേശമാണ് കോഴിക്കോട് സെന്‍റട്രൽ മാർക്കറ്റ്.  പുഴുവരിക്കുന്ന മാലിന്യ കൂമ്പാരവും ഒരുകിപ്പരക്കുന്ന അഴുക്ക് വെള്ളവും കാരണം മാര്‍ക്കറ്റില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണ്.

മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമായാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാർക്കറ്റിൽ ബയോഗ്യാസ് പ്ലാന്‍റ് നിർമ്മിച്ചത്. പ്ലാന്‍റിന്‍റെ പ്രവർത്തനച്ചുമതല നിറവ് എന്ന സംഘടനയ്ക്ക് കൈമാറുകയും ചെയ്തു. മാലിന്യം സംഭരണ ശേഷിയേക്കാൾ കൂടുതലായതോടെ സംസ്കരണം അവതാളത്തിലായെന്ന് നിറവ് അധികൃതര്‍ പറയുന്നു.
 
എന്നാല്‍ മാലിന്യം തരം തിരിക്കാതെ പ്ലാന്റിൽ എത്തിച്ചതാണ് പ്രശ്നമായതെന്നും ഇക്കാര്യത്തില്‍ കച്ചവടക്കാരുമായി ചര്‍ച്ച നടത്തി വരുന്നതായും കോര്‍പറേഷന്‍ വ്യക്തമാക്കി. ഇതിനിടെ കുമിഞ്ഞുകൂടിയ മാലിന്യം നീക്കാനായായി പാലക്കാട്ടുളള ഒരു ഏജന്‍സിയെ കോര്‍പറേഷന്‍ നിയോഗിച്ചിരുന്നു. എന്നാല്‍ ഈ ഏജന്‍സിയും വല്ലപ്പോഴും മാത്രമാണ് മാലിന്യം നീക്കുന്നത്. 

ഏജൻസിയുടെ വാഹനം എത്തും വരെ മാർക്കറ്റിന്റെ നടുക്ക് തുറസ്സായ സ്ഥലത്താണ് മാലിന്യം കൂട്ടിവയ്ക്കുന്നത്. ഇത് അഴുകാതെ സൂക്ഷിക്കാനുള്ള സംവിധാനം എങ്കിലും കോർപ്പറേഷൻ ഉടൻ ഉണ്ടാക്കണമെന്നാണ് കച്ചവടക്കാ‍ർ പറയുന്നത്.