കാലിക്കറ്റ് സഹകരണ ബാങ്കിലെ ജീവനക്കാർ പതിവ് ജോലികളിൽ നിന്ന് മാറി 3 ഏക്കർ പുഞ്ചപ്പാടത്ത് നെൽകൃഷിക്ക് തുടക്കമിട്ടു. നാടിന്റെ കാർഷിക സംസ്കാരം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ഉദ്യമത്തിൽ നിന്നുള്ള ലാഭം നിർധനരുടെ ക്ഷേമത്തിനായി വിനിയോഗിക്കും

കമ്പ്യൂട്ടർ കീബോർഡുകളിലും പേനത്തുമ്പിലും ശീലിച്ച കൈകൾ മണ്ണിന്റെ മണമുള്ള പുഞ്ചപ്പാടത്ത് പൊന്നുവിളയിക്കാൻ കൈകോർത്തപ്പോൾ അതൊരു മനോഹര കാഴ്ചയായി. കാലിക്കറ്റ് നോർത്ത് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരാണ് കമ്പ്യൂട്ടറും പേനയുമൊക്കെ മാറ്റിവച്ച് കൊടിയത്തൂർ ചെറുവാടി പുഞ്ചപ്പാടത്ത് നെൽക്കതിർ നടാൻ അരയും തലയും മുറുക്കി ഇറങ്ങിയത്. കേവലം ഒരു കൃഷിയിറക്കലല്ല, മറിച്ച് മറവിയിലേക്ക് പോകുന്ന കേരളത്തിന്റെ കാർഷിക പാരമ്പര്യത്തിലേക്കുള്ള മടക്കയാത്ര കൂടിയാണ് ഇതെന്ന വിളംബരം കൂടിയാണ് ഇവർ നടത്തിയത്. ബാങ്ക് ജീവനക്കാരുടെ നേതൃത്വത്തിൽ മൂന്ന് ഏക്കറോളം വരുന്ന പാടത്താണ് പച്ചപ്പും പ്രതീക്ഷയും വിതറിക്കൊണ്ട് നടീൽ ഉത്സവം സംഘടിപ്പിച്ചത്. കാലിക്കറ്റ് നോർത്ത് സർവീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിലാണ് ചെറുവാടി പുഞ്ചപ്പാടത്ത് നെൽകൃഷി തുടങ്ങിയത്. നാടിന്റെ കാർഷിക സംസ്‌കൃതി തിരിച്ചുപിടിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിന് തുടക്കമിട്ടതെന്ന് ബാങ്ക് പ്രസിഡന്റ് പ്രേം കുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

യന്ത്രങ്ങളുടെ ശബ്ദമില്ലാതെ, സ്നേഹത്തിന്റെ കരുത്തിൽ നൂറോളം ബാങ്ക് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ചെളിയിൽ ഇറങ്ങി ഞാറു നട്ടപ്പോൾ അത് പുതുതലമുറയ്ക്ക് വലിയൊരു പാഠമായി മാറുമെന്ന പ്രതീക്ഷയാണ് പ്രേം കുമാർ പങ്കുവച്ചത്. 120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന അതുല്പദന ശേഷിയുള്ള ഉമ എന്ന ഇനം നെല്ലാണ് ഇവിടെ പാകിയിരിക്കുന്നത്. ബാങ്ക് ജീവനക്കാർക്കൊപ്പം മക്കളും പാടത്തിറങ്ങി നെൽക്കതിർ നട്ടു. നാലുവയസ്സുകാരി അദ്വികയും കൂട്ടുകാരായ ഇതളും അതിഥിയും ചെളിയിൽ ഇറങ്ങി കൃഷിയുടെ ആദ്യപാഠങ്ങൾ തൊട്ടറിഞ്ഞു. മണ്ണിനെ അറിയാനും അന്നം തരുന്ന കൃഷിയെ സ്നേഹിക്കാനും ബഹുമാനിക്കാനും കുട്ടികൾക്ക് സാധിച്ചു. വീഡിയോകളിലും പുസ്തകങ്ങളിലും മാത്രം കണ്ടിട്ടുള്ള നെൽകൃഷി നേരിട്ട് കണ്ടതിന്റെ അമ്പരപ്പിലും ആവേശത്തിലുമായിരുന്നു ഏവരുമെന്നും പ്രേം കുമാർ വിവരിച്ചു.

ഒരു വലിയ നന്മയുടെ കഥ

ലാഭേച്ഛയില്ലാതെ നടത്തുന്ന ഈ 'കാർഷിക വിപ്ലവ'ത്തിന് പറയാൻ ഒരു വലിയ നന്മയുടെ കഥ കൂടിയുണ്ട്. വിളവെടുപ്പിന് ശേഷം ലഭിക്കുന്ന നെല്ല് അരിയും അവിലും കഞ്ഞിപ്പശയുമൊക്കെയായി വിപണിയിലെത്തിക്കും. ഇതിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം നിർധനരായ ആളുകളുടെ ക്ഷേമത്തിനായി ഉപയോഗിക്കാനാണ് ബാങ്ക് അധികൃതരുടെ തീരുമാനം. വിതയ്ക്കുന്നതും പരിപാലിക്കുന്നതും മുതൽ കൊയ്തെടുക്കുന്നത് വരെയുള്ള മുഴുവൻ ഉത്തരവാദിത്തങ്ങളും ബാങ്ക് ജീവനക്കാർ തന്നെ നേരിട്ട് വഹിക്കും. കോർപ്പറേറ്റ് ശീലങ്ങളിൽ നിന്ന് മാറി മണ്ണിനെ സ്‌നേഹിക്കാനും സഹപ്രവർത്തകർക്കിടയിൽ കൂട്ടായ്മയുടെ കരുത്ത് വർദ്ധിപ്പിക്കാനും ഈ 'പച്ചപ്പുള്ള' തീരുമാനം വഴിതെളിക്കുമെന്ന് ബാങ്ക് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. കേരള ബാങ്ക് മുൻ ഡയറക്ടർ ഇ രമേശ് ബാബുവാണ് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തത്. ബാങ്ക് പ്രസിഡന്‍റ് പ്രേം കുമാറിനൊപ്പം സെക്രട്ടറി ബിന്ദുഷ ബി ടി, സുജിത കെ, സുധീർ കുമാർ കെ, ഫിറോസ് ഖാൻ എൻ പി, സ്വപ്നരാജ് തുടങ്ങിയവരെല്ലാം നടീൽ ഉത്സവത്തിൽ അണിനിരന്നു.