തൃശൂർ: തൃശൂരിലെ തീരദേശമേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. കൊടുങ്ങല്ലൂര്‍ എറിയാട് മണപ്പാട്ടുച്ചാല് മുതല്‍ അറപ്പക്കടവ് വരെയുളള ഇരുന്നൂറോളം കുടുംബങ്ങളാണ് കുടിവെള്ളക്ഷാമം മൂലം ദുരിതം അനുഭവിക്കുന്നത്. 

കൊടുങ്ങല്ലൂര്‍ സമഗ്ര കുടിവെള്ള വിതരണ പദ്ധതി പ്രകാരം പത്തു ദിവസത്തിലൊരിക്കൽ മാത്രമാണ് ഇവിടെ കുടിവെള്ളമെത്തുന്നത്. പ്രദേശത്ത് കുളങ്ങളോ കിണറുകളോ ഇല്ലാത്തതിനാല്‍ ഈ പൈപ്പുവെള്ളം മാത്രമാണ് പ്രദേശവാസികളുടെ ആശ്രയം

പലപ്പോഴും പൈപ്പിലൂടെ വരുന്ന വെള്ളം ഉപ്പുരസം കലര്‍ന്നതാണെന്ന് പ്രദേശവാസികൾ പറയുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇടപെട്ട് കുടിവെള്ള ക്ഷാമത്തിന്  ശാശ്വതപരിഹാരം കാണണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. കുടിവെള്ളം കിട്ടാക്കനിയായതോടെ ബന്ധുവീടുകളിലേക്ക് താമസം മാറ്റാനൊരുങ്ങുകയാണ് പ്രദേശവാസികൾ.