Asianet News MalayalamAsianet News Malayalam

പടച്ചട്ട എത്തി; കടുവകള്‍ക്ക് മുന്നില്‍ പെട്ടാല്‍ വനപാലകര്‍ പേടിക്കണ്ട

കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ മുന്നില്‍പ്പെട്ടാലും പരിക്കേല്‍ക്കാതെ രക്ഷപ്പെടാനുള്ള ബോഡി പ്രൊട്ടക്ടര്‍ ആദ്യമായി ജീവനക്കാര്‍ക്ക് ലഭിച്ചു

helmet and other protecting things for forest guard
Author
Kalpetta, First Published Oct 3, 2019, 9:53 PM IST

കല്‍പ്പറ്റ: വന്യമൃഗങ്ങള്‍ നിരന്തരം കാടിറങ്ങുന്ന കാലത്ത് വനപാലകര്‍ക്ക് ജോലിയേറുകയാണ് വയനാട്ടില്‍. കടുവയും പുലിയും ആനയുമെല്ലാം നാട്ടിലിറങ്ങുന്നത് പതിവായതോടെ ഇവയെ കാട്ടിലേക്ക് തിരികെ കയറ്റാന്‍ ജീവന്‍ പണയം വെച്ചാണ് അവര്‍ ജോലിചെയ്യുന്നത്. ജീവന് തന്നെ ഭീഷണിയായ സംഭവങ്ങളും ഒട്ടും കുറവല്ല. എന്നാല്‍ ഈ ആശങ്കക്ക് കുറച്ചെങ്കിലും ആശ്വാസമാകുന്ന നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ മുന്നില്‍പ്പെട്ടാലും പരിക്കേല്‍ക്കാതെ രക്ഷപ്പെടാനുള്ള ബോഡി പ്രൊട്ടക്ടര്‍ ആദ്യമായി ജീവനക്കാര്‍ക്ക് ലഭിച്ചു. വനപാലകര്‍ക്ക് ഒരു പരിധി വരെ സംരക്ഷണം ഒരുക്കാന്‍ ഇനി ഇവക്കാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സൗത്ത് വയനാട് വനം ഡിവിഷനില്‍ ആണ് വനപാലകര്‍ക്ക് ആദ്യമായി ഇത്തരമൊരു സംരക്ഷണ കവചം ഒരുക്കിയിരിക്കുന്നത്.

കടുവ, പുലി, കരടി തുടങ്ങിയ മൃഗങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും പെട്ടുപോയി തലനാരിഴക്ക് രക്ഷപ്പെട്ടവരാണ് പലരും. മറ്റു ചിലര്‍ക്ക് സാരമായി പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ വരെയുണ്ടായി. ബോഡി ഷീല്‍ഡ്, ഹെല്‍മെറ്റ്, ബാറ്റണ്‍ എന്നിവയുണ്ടെങ്കില്‍ ഒരു പരിധിവരെ ആക്രമണം തടയാമെന്ന പ്രതീക്ഷയോടെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ചെതലയം റേഞ്ച് ജീവനക്കാര്‍ക്ക് ഇവ എത്തിച്ചിരിക്കുന്നത്. മുന്‍നിരയില്‍ പോകുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ശരീരം മുഴുവന്‍ മറക്കുന്ന കവചവും ഹെല്‍മറ്റും ഉണ്ടാകുക. മറ്റുള്ളവര്‍ക്കെല്ലാം ഹെല്‍മറ്റും ബാറ്റണും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മേപ്പാടി, കല്‍പ്പറ്റ റെയിഞ്ചുകളിലും ഉടനെ ഉപകരണങ്ങള്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios