മാന്നാര്‍: മാന്നാര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് വലിയകുളങ്ങര കുളഞ്ഞിക്കാരാഴ്മ കണ്ണന്‍കുഴി തെക്കേതില്‍ ഗീതാകുമാരിയാണ് രണ്ട് മക്കളോടൊപ്പം നട്ടെല്ലിനും കഴുത്തിനും ക്ഷതമേറ്റ് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കണ്ണീരോടെ കഴിയുന്നത്. പതിമൂന്ന് വര്‍ഷം മുമ്പ് ഗീതാകുമാരിയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് ഭര്‍ത്താവ് പോയെങ്കിലും കൂലി വേല ചെയ്ത് മക്കള്‍ക്ക് വേണ്ടി കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു. 

രണ്ട് സെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള ഈ കുടുംബത്തിനു ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും വീട് നിര്‍മ്മണത്തിനായി രണ്ട് ലക്ഷം രൂപ അനുവദിച്ചെങ്കിലും ആ തുകയില്‍ വീട് പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. വീടിന്റെ പണി നടക്കുന്നതിനിടെ സംഭവിച്ച വീഴ്ചയില്‍ ഗീതാകുമാരിയുടെ നട്ടെല്ലിനും കഴുത്തിനും ഏറ്റ ക്ഷതം ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍ പോലും കഴിയാത്തവിധം അവരുടെ ജീവിതം വേദനാജനകമാക്കി. 

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ 14 ദിവസം ചികിത്സയില്‍ കഴിഞ്ഞ ഗീതാകുമാരിക്ക് വണ്ടാനം മെഡിക്കല്‍ കോളേജിലേയ്ക്ക് സര്‍ജറിക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു ഡോക്ടര്‍മാര്‍. വീട്ട് ജോലി പോലും ചെയ്യാന്‍ കഴിയാതെ കഷ്ടപ്പെടുന്ന ഇവര്‍ സര്‍ജറിയും മറ്റ് ചികിത്സാ ചെലവുകളും താങ്ങാന്‍ കഴിയാതെ വേദന സഹിച്ച് കഴിയുകയാണ്. ഇപ്പോള്‍ ഒരു കണ്ണിന്റെ കാഴ്ചയും ഇല്ലാതായി. 

പ്ലസ്ടുവില്‍ പഠിക്കുന്ന മകന്‍ രജിത് ഇടക്കിടെ എന്തെങ്കിലും ജോലിക്ക് പോയി കിട്ടുന്നത് കൊണ്ട് പട്ടിണി കിടക്കാതെ കഴിയുന്നു. ഒമ്പതാം ക്ലാസില്‍ എത്തിയ മകള്‍ ദേവികയുടെ ഇടത്തേ കൈയുടെ തോളെല്ലിനു താഴെയായി വളര്‍ന്നു വരുന്ന മുഴ നീക്കം ചെയ്യുവാനും കഴിയാത്ത അവസ്ഥയിലാണു ഈ കുടുംബം. ചെറിയ വരുമാനത്തില്‍ ജീവിക്കുന്ന സഹോദരനും പ്രായാധിക്യത്താല്‍ അവശതകള്‍ അനുഭവിക്കുന്ന അമ്മയും തൊട്ടടുത്ത് താമസമുണ്ടെങ്കിലും അവരെക്കൊണ്ട് ഒരു നിവൃത്തിയുമില്ല. 

മഴക്കാലമെത്തിയതോടെ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കണ്ണീരോടെ കഴിയുമ്പോഴും കരുണ വറ്റാത്ത മനസുകള്‍ സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ഗീതാകുമാരിയുടെ പേരില്‍ എണ്ണക്കാട് എസ് ബി ഐ യില്‍ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഗീതാകുമാരി, അക്കൗണ്ട് നമ്പര്‍ 67397471797, IFSC CODE:0070439 ഫോണ്‍ നമ്പര്‍: 9961736493