'പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ചത്' എന്നൊക്കെയായിരുന്നു മുൻപ് ഇത്തരം കേന്ദ്രങ്ങൾക്കു മുന്നിൽ സ്‌ഥാപിക്കുന്ന ബോർഡിലെ വാചകങ്ങൾ.
തിരുവനന്തപുരം: ഉപയോഗ്യശൂന്യമായി കിടന്നിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എംഎൽഎമാർ ഇടപെട്ട് നവീകരിച്ചു. വളരെ നല്ല കാര്യം, പക്ഷെ അവയിൽ ചിലതിൽ സ്ഥാപിച്ച ബോർഡുകളിലെ വാചകങ്ങളുടെ മാറ്റങ്ങളാണ് ജനങ്ങളിൽ കൗതുകം ഉയര്‍ത്തുന്നത്. എംഎൽഎയുടെയും മന്ത്രിമാരുടെയും ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ചത്', 'പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ചത്' എന്നൊക്കെയായിരുന്നു മുൻപ് ഇത്തരം കേന്ദ്രങ്ങൾക്കു മുന്നിൽ സ്‌ഥാപിക്കുന്ന ബോർഡിലെ വാചകങ്ങൾ.
ഇതൊക്കെ മാറ്റി ബോര്‍ഡുകളിൽ പ്രത്യക്ഷപ്പെട്ട ചില വാചകങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതാണ് സോഷ്യൽ മീഡിയയിലടക്കം രസകരമായ ചര്‍ച്ചകൾക്ക് കാരണമാകുന്നത്. തലസ്ഥാന നഗരത്തിലെ കിഴക്കേക്കോട്ടയിൽ കോവളം ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ വാചകങ്ങൾ ഇങ്ങനെ 'ബഹു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിർദേശ പ്രകാരം നിർമിച്ചത്'. കേശവദാസപുരത്ത് ഉള്ളൂർ ഭാഗത്തേക്ക് പോകുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ 'ബഹു. വികെ പ്രശാന്ത് എംഎൽഎയുടെ നിർദേശ പ്രകാരം നിർമിച്ചത്' എന്നിങ്ങനെയാണ് ബോർഡുകൾ.
പൊതുമരാമത്ത് വകുപ്പിനോ കെഎസ്ആർടിസിക്കോ കോർപറേഷനോ പണച്ചെലവ് ഇല്ലാതെ സ്വകാര്യ പരസ്യ കമ്പനികളാണ് രണ്ടിടത്തും കേന്ദ്രങ്ങൾ നിർമിച്ചിരിക്കുന്നത്. ബസ് ഷെൽട്ടറിൽ പരസ്യം പ്രദർശിപ്പിക്കാൻ അനുമതിയാണ് ഇതിന് പകരമായി നൽകേണ്ടത്. അതേസമയം, ബോര്‍ഡുകളിൽ വാചകങ്ങൾ ഉൾപ്പെടുത്തിയത് പരസ്യ കമ്പനിക്കാർ തന്നെയാണ് എംഎൽഎമാരുടെ ഓഫീസ് അറിയിക്കുന്നു. എന്തായുലും തകർന്ന് കിടന്നിരുന്ന രണ്ട് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും സിസിടിവി, മൊബൈൽ ചാർജിങ്ങ് സംവിധാനം ഉൾപ്പെടെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായാണ് സ്ഥാപിച്ചിരിന്നുന്നത്. ചിലതിൽ ടിവിയും മിനി കഫേയും വരെ ഉണ്ട്.
