കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ 24 മണിക്കൂറും പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. വാക്ക് വേയിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകരുതെന്നും സമീപത്തെ കായലിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മറൈൻ ഡ്രൈവ് നവീകരണത്തിന് രണ്ടാഴ്ചയ്ക്കകം നിർദ്ദേശം സമർപ്പിക്കാൻ വിശാലകൊച്ചി വികസന അതോറിറ്റി(ജിസിഡിഎ)യ്ക്കും കോടതി നിർദ്ദേശം നൽകി. മറൈന്‍ ഡ്രൈവ് സംരക്ഷിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്ചവരുത്തിയെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കൊച്ചി സ്വദേശി രഞ്ജിത് ജി തമ്പിയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.