വഴിക്കടവ്: വഴിക്കടവിൽ വീട്ടിൽ മദ്യശാല തുടങ്ങാൻ ലൈസൻസ് അനുവദിച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. വഴിക്കടവ് പഞ്ചായത്തിലെ വെള്ളക്കട്ടയിലാണ് പട്ടികജാതി വിഭാഗങ്ങൾക്കായുള്ള കോളനിയിൽ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച വീട് വാണിജ്യാവശ്യത്തിലേക്ക് മാറ്റി മദ്യശാല തുടങ്ങാന്‍ അനുമതി നല്‍കിയത്.

സ്ത്രീകളും കുട്ടികളും താമസിക്കുന്ന വീട്ടില്‍ തന്നെ മദ്യശാല തുടങ്ങാൻ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകിയത് വിവാദമായിരുന്നു. ഇതിനെതിരെ ജനകീയ സമിതി പഞ്ചായത്തംഗം പത്മാവതിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് കള്ളുഷാപ്പിനുള്ള ലൈസൻസ് ഹൈക്കോടതി മരവിപ്പിച്ചത്. 

ജനവാസ കേന്ദ്രത്തിൽ പ്രത്യേകിച്ച് പട്ടികജാതി കോളനിയിൽ കള്ളുഷാപ്പ് തുടങ്ങാനുള്ള നീക്കത്തിനെതിരെ അമ്മമാർ ജനകീയ സമിതി രൂപീകരിച്ച് സമരരംഗത്തായിരുന്നു. നിരവധി രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ സമരത്തിന് പിന്തുണയുമായി എത്തി. ജനങ്ങളെ കബളിപ്പിച്ച് കാറിലും മറ്റുമായി കള്ളെത്തിച്ച് ഷാപ്പ് പ്രവർത്തനമാരംഭിക്കാൻ ശ്രമിച്ചെങ്കിലും ജനകീയ സമിതിയുടെ പ്രതിരോധം മൂലം നടന്നിരുന്നില്ല.