കൊച്ചി:  കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസെടുക്കാൻ ഉത്തരവിട്ടത്.

നഗരത്തിലെ ആറ് പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ പ്രത്യേകം എടുത്ത് പറഞ്ഞാണ് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ ഇടപ്പെട്ടിരിക്കുന്നത്. കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില കുണ്ടന്നൂർ റോഡ് എന്നിവയാണ് കോടതി പരാമർശിച്ച പ്രധാന റോഡുകൾ. ഈ റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

റോഡുകളിലൂടെ വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും നിരവധി അപകടങ്ങൾ പതിവാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ കാത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ചീഫ് ജസ്റ്റിസ് സ്വമേധയാ കേസെടുത്ത് നടപടികളാരംഭിച്ചത്. കേസിൽ സർക്കാരിനും കൊച്ചി കോർപറേഷനും ഹൈക്കോടതി നോട്ടീസ് അയച്ചു.