മലപ്പുറം തിരൂരിലെ പൂക്കെയിൽ ഇന്ന് രാവിലെയാണ് സംഭവം. വൃത്തിയായി സൂക്ഷിച്ചിരുന്ന ജനവാസ മേഖലയിൽ നിന്നാണ് മൂർഖൻ പാമ്പിനെ വനംവകുപ്പിലെ സ്നേക്ക് റസ്ക്യൂവറായ ടി പി ഉഷ രക്ഷിച്ചത്. 

തിരൂർ: രാവിലെ ഓഫീസിലേക്ക് പോവാനിറങ്ങിയ യുവതിയെ നടക്കുന്നതിനിടയിൽ ആക്രമിക്കാൻ ശ്രമിച്ച മൂർഖൻ പാമ്പ്. നാട്ടുകാർ ഓടിക്കൂടിയപ്പോൾ മതിൽ കെട്ടിനുള്ളിൽ പത്തിവീശി നിന്ന മൂർഖൻ പാമ്പിനെ പുഷ്പം പോലെ ബാഗിനുള്ളിലാക്കി ഉഷ. മലപ്പുറം തിരൂരിലെ പൂക്കെയിൽ ഇന്ന് രാവിലെയാണ് സംഭവം. വൃത്തിയായി സൂക്ഷിച്ചിരുന്ന ജനവാസ മേഖലയിൽ നിന്നാണ് മൂർഖൻ പാമ്പിനെ വനംവകുപ്പിലെ സ്നേക്ക് റസ്ക്യൂവറായ ടി പി ഉഷ രക്ഷിച്ചത്. 

ഇന്നലെ ഈ പ്രദേശത്ത് മൂർഖൻ കുഞ്ഞുങ്ങളെ കണ്ടതായാണ് നാട്ടുകാർ പറയുന്നത്. പ്രദേശവാസിയായ യുവതി തലനാരിഴയ്ക്കാണ് പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ ടി പി ഉഷ വളരെ പെട്ടന്ന് തന്നെ മൂർഖനെ ബാഗിലാക്കി. വെട്ടുകല്ലുകൊണ്ടുള്ള മതിലിൽ നിന്ന് പാമ്പിനെ പുറത്തെടുക്കുമ്പോൾ പത്തി വീശി ആക്രമണ സ്വഭാവത്തിലായിരുന്നു അഞ്ച് അടിയോളം നീളമുള്ള മൂർഖൻ പാമ്പുണ്ടായിരുന്നത്. 

മഴക്കാലമായതിനാൽ വീടുകളുടെ പരിസരം നിരീക്ഷിക്കണമെന്നും കാട് കയറാതെ വൃത്തിയാക്കി വയ്ക്കാൻ ശ്രദ്ധിക്കണമെന്നുമാണ് ടി പി ഉഷ പറയുന്നത്. വീടിന് പുറത്ത് സ്കൂൾ കുട്ടികൾ അടക്കമുള്ളവർ ചെരിപ്പുകളും ഷൂസുകളും ഊരിയിടുമ്പോൾ വിഷ പാമ്പുകൾ അടക്കം ഇവയ്ക്കുള്ളിൽ കയറാനുള്ള സാധ്യതയും ഏറെയാണെന്നാണ് ടി പി ഉഷ വിശദമാക്കുന്നത്. പിടികൂടി മൂർഖനെ വനംവകുപ്പിന് കൈമാറുമെന്നും ഉഷ വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം